Your Image Description Your Image Description

ആഗോള പരിസ്ഥിതി ദിനത്തില്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്‍ ഒരു മാസം പിന്നിടുമ്പോള്‍ ജില്ലയില്‍ ഇതുവരെ നട്ടുപിടിപ്പിച്ചത് 1,01,148 വൃക്ഷത്തൈകള്‍. നാലുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തെകളും ജില്ലയില്‍ ഏഴര ലക്ഷം തൈകളും വെച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഹരിതകേരളം മിഷന്റെ ഏകോപനത്തില്‍ സാമൂഹ്യ വനവല്‍ക്കരണവകുപ്പ്, ദേശീയ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിതകര്‍മ്മസേന തുടങ്ങിയവയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പാക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിയ ‘ചങ്ങാതിക്കൊരു മരം’ ക്യാമ്പയിനിലൂടെ പൊതുവിദ്യാലയങ്ങളിര്‍ ഇതുവരെ 60,600 തൈകളാണ് കുട്ടികള്‍ പരസ്പരം കൈമാറിയത്. ഇവ വീട്ടുപരിസരങ്ങളില്‍ സൗഹൃദ മരങ്ങളായി വളരും. കുട്ടികള്‍ തൈകളുടെ വളര്‍ച്ചാഘട്ടങ്ങള്‍ ഡയറിയില്‍ എഴുതിവെച്ച് ക്ലാസ്സുകളില്‍ വായിച്ച് അവതരിപ്പിക്കും.
അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ ജൂലൈ എട്ടിന് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി നടുന്ന തൈകള്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സഹായത്തോടെ ജിയോ ടാഗ് ചെയ്യുന്ന പ്രവര്‍ത്തനവും ആരംഭിക്കും. ഇതിനായി തയ്യാറാക്കിയ പോര്‍ട്ടലില്‍ നിന്ന് ട്രീ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ആറുമാസത്തിലൊരിക്കല്‍ എന്‍ജിനീയറിംഗ് കോളേജുകളിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ സസ്യത്തിന്റെ വളര്‍ച്ച പോര്‍ട്ടലില്‍ പുതുക്കും. ആദ്യഘട്ടത്തില്‍ 10 ശതമാനം വൃക്ഷ തൈകളാണ് ജിയോ ടാഗ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts