Your Image Description Your Image Description

ന്യൂ ഡൽഹി: ഗാസക്കായി, സത്യാഗ്രഹങ്ങളുടെ ഡിജിറ്റൽ വേർഷനായ ‘ഡിജിറ്റൽ സത്യാഗ്രഹം’ ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഐ (എം). ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ നിന്നും ലാഭം കൊയ്യുന്ന 48 ടെക് ഭീമന്മാരുടെ പട്ടികയിൽ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവ ഉൾപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടനയുടെ സ്പെഷ്യൽ റിപ്പോർട്ടർ ഫ്രാൻസെസ്‌കാ അൽബേനിസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

“സോഷ്യൽ മീഡിയ ഉപയോഗിക്കാതെ, കമന്റുകളോ മെസേജുകളോ ചെയ്യാതെ അര മണിക്കൂർ നീളുന്ന ഡിജിറ്റൽ മൗനം”- സിപിഐ (എം) ജനറൽ സെക്രട്ടറി എം എ ബേബി എക്‌സ് ഹാൻഡിലിൽ കുറിച്ചു.

ഡിജിറ്റൽ ആപ്ലിക്കേഷനുകളിലൂടെ വൻകിട കോർപറേറ്റുകളാണ് ലാഭം കൊയ്യുന്നത്. സോഷ്യൽ മീഡിയ ഉൾപ്പെടെ വിട്ടുനിന്നു പ്രതിഷേധം രേഖപ്പെടുത്തണമെന്ന് സി പി ഐ (എം) ആവശ്യപ്പെട്ടു. ഒരാഴ്ച നീണ്ടുനിൽക്കുന്ന സത്യാഗ്രഹത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ശനിയാഴ്ചമുതൽ രാത്രി 9 മുതൽ 9:30 വരെയുള്ള സമയങ്ങളിൽ മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണം.

യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്നതിനോടൊപ്പം സകല മാനുഷിക അവകാശങ്ങളും നിഷേധിക്കപ്പെടുന്ന പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യമാണ് ലോകത്തോട് പറയാൻ ശ്രമിക്കുന്നത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കും ഇസ്രായേലിന് ധനസഹായം നൽകുന്ന മുതലാളിത്തത്തിനെതിരെയുമാണ് ഈ സമരം.

‘സൈലൻസ് ഫോർ ഗാസ’ എന്ന ആഗോള കാമ്പെയ്‌നിൽ പങ്കുചേർന്നുകൊണ്ട് ഇസ്രായേൽ അഴിച്ചുവിട്ട ആക്രമണത്തിനെതിരെയും യുദ്ധക്കുറ്റകൃത്യങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നതെന്നും സിപിഐ (എം) പ്രസ്‌താവനയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts