Your Image Description Your Image Description

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന ചിത്രമാണ് ‘കൂലി’. ചിത്രത്തില്‍ താന്‍ കാമിയോ റോളില്‍ എത്തുന്നുണ്ടെന്ന കാര്യം നേരത്തെ ഒരു അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നടന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ദഹാ എന്നാണ് സിനിമയിലെ ആമിര്‍ ഖാന്റെ കഥാപാത്രത്തിന്റെ പേര്. കണ്ണാടിയും വെച്ച് സ്മോക്ക് ചെയ്യുന്ന ആമിറിന്റെ പക്കാ മാസ് പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിനിമയില്‍ 15 മിനിറ്റോളം നേരമാണ് ആമിര്‍ ഖാന്‍ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആമിര്‍ ഖാന്‍ രജിനികാന്തിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്നും ആക്ഷന്‍ സീനുകള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. പത്ത് ദിവസമാണ് കൂലിയ്ക്കായി ആമിര്‍ ഖാന്‍ ഷൂട്ട് ചെയ്തത്. ആമിറിന്റെ രംഗങ്ങള്‍ തിയേറ്ററില്‍ വലിയ ആവേശമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ സിനിമയുടെ ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണ് ആമിര്‍ സിനിമയിലെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.താന്‍ വലിയ രജനികാന്ത് ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമയതിനാല്‍ കഥ പോലും കേള്‍ക്കാതെയാണ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നും ആമിര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. ചിത്രം ഐമാക്‌സ് സ്‌ക്രീനുകളിലും പ്രദര്‍ശനത്തിനെത്തും. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററില്‍ എത്തുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts