Your Image Description Your Image Description

ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ മുഖ്യപ്രതി നൗഷാദിന് സഹായം നൽകിയ ഒരാൾ കൂടി പിടിയിലായതായി പൊലീസ്. വയനാട് സ്വദേശിയെ ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു. അതേ സമയം, ഹേമചന്ദ്രൻറേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന വാദവുമായി മുഖ്യപ്രതി നൗഷാദ് രം​ഗത്തെത്തിയിരുന്നു. വിദേശത്ത് നിന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെയായിരുന്നു നൗഷാദിൻറെ പ്രതികരണം. ആത്മഹത്യ ചെയ്തത് കണ്ടപ്പോൾ താനും സുഹൃത്തുക്കളും മൃതദേഹം കുഴിച്ചിട്ടു. താൻ വിദേശത്തേക്ക് പോയതും എന്ന് തിരികെ വരുമെന്നതും പൊലീസിന് അറിയാമെന്നും നൗഷാദ് വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യപ്രതിയുടെ വാദങ്ങൾ തള്ളുന്ന പൊലീസ് നൗഷാദിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

ഹേമചന്ദ്രൻ വധക്കേസിൽ പൊലീസ് അന്വേഷണം തുടരുമ്പോഴാണ് കൊലപാതകമല്ല ആത്മഹത്യയാണ് സംഭവിച്ചതെന്ന വാദവുമായി പ്രതി നൗഷാദ് സാമൂഹികമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായ നൗഷാദ് ആണ് താനെന്ന മുഖവുരയോടെയാണ് രണ്ടര മിനിറ്റോളം വരുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുപ്പത് ഓളം പേർക്ക് ഹേമചന്ദ്രൻ പണം നൽകാനുണ്ടായിരുന്നു. പണം എവിടെ നിന്നും സംഘടിപ്പിക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ കരാറിൽ ഒപ്പിടീപ്പിച്ച് ഹേമചന്ദ്രനെ വീട്ടിൽ ആക്കിയതാണ് തങ്ങളെന്ന് നൗഷാദ് പറയുന്നു.

അതുകൊണ്ട് മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടു. എന്നാൽ നൗഷാദിൻറെ വാദങ്ങൾ തള്ളുന്ന അന്വേഷണ സംഘം കൊല നടന്നത് നൗഷാദിൻറെ നേതൃത്വത്തിൽ തന്നെയാണെന്ന് വ്യക്തമാക്കുന്നു. തെറ്റ് പറ്റിയെന്ന് അന്വേഷണ സംഘത്തിന് നൗഷാദ് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. നൗഷാദിൻറെ വിസിറ്റിങ് വിസയുടെ കാലാവധി ഈ മാസം എട്ടിന് അവസാനിക്കാൻ ഇരിക്കെ ഉടനെ അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ രണ്ട് സ്ത്രീകളെ കൂടി പ്രതി ചേർക്കാനും പൊലീസ് നീക്കം നടക്കുന്നുണ്ട്. ഹേമചന്ദ്രനെ തട്ടിക്കൊണ്ട് പോകാൻ വിളിച്ച് വരുത്തിയത് കണ്ണൂർ സ്വദേശിയായ സ്ത്രീയാണെന്നാണ് കണ്ടെത്തൽ. ഇവരെയും പ്രതികൾക്ക് സഹായം നൽകിയ മറ്റൊരു സ്ത്രീയേയും പ്രതി ചേർക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts