Your Image Description Your Image Description

കണ്ണൂര്‍: ഒന്‍പതു വര്‍ഷം കൊണ്ട് പിണറായി ഭരണം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ ആളെക്കൊല്ലി കേന്ദ്രങ്ങളാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം പരിയാരം മെഡിക്കല്‍ കോളജിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

”ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സാധാരണക്കാരന്റെ അഭയകേന്ദ്രമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. അവയെ തകര്‍ക്കുന്നത് സ്വകാര്യ ലോബിയെ സഹായിക്കാനാണ്. ഉപകരണക്ഷാമത്തെ തുടര്‍ന്ന് ചികിത്സയും ശസ്ത്രക്രിയയും മുടങ്ങുന്നുവെന്ന സത്യം വിളിച്ചു പറഞ്ഞ ഡോ. ഹാരീസ് ഹസന്‍ ഒരു പ്രതീകമാണ്. ഗത്യന്തരമില്ലാതെയാണ് ഡോ.ഹാരീസിന് മെഡിക്കല്‍ കോളജിന്റെ ദയനീയാവസ്ഥ തുറന്നു പറയേണ്ടിവന്നത്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സര്‍ക്കാരിന്റെ പ്രതികാര നടപടി ഭയന്ന്, തുറന്നു പറയുന്നില്ലെന്ന് മാത്രം. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നതില്‍ പിണറായി വിജയന്‍ മോദിക്ക് പഠിക്കുകയാണ്.” കെ.സി.പറഞ്ഞു.

 

”ഉപകരണക്ഷാമം, മരുന്നുക്ഷാമം, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും കാരണം സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെയും ജില്ലാ-താലൂക്ക് ആശുപത്രികളുടെയും പ്രവര്‍ത്തനം താളംതെറ്റി. അത് പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആരോഗ്യമന്ത്രി സിസ്റ്റത്തിന്റെ കുഴപ്പമാണെന്ന് പറഞ്ഞു യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്. ഉപകരണക്ഷാമം പരിഹരിക്കാന്‍ ഡോക്ടമാര്‍ക്ക് രോഗികളില്‍നിന്നും ഇരക്കേണ്ട അവസ്ഥയാണ്. ഉച്ചക്കഞ്ഞിയുമായി ബന്ധപ്പെട്ട് സൂക്ളുകള്‍ അധ്യാപകരുടെയും അവസ്ഥ ഇതുതന്നെയാണ്. ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ചുറ്റം ചികിത്സാ ഉപകരണങ്ങളുടെ വിതരണ കമ്പനികളുടെ ഏജന്റുമാര്‍ വട്ടമിട്ട് കറങ്ങുകയാണ്. ആരോഗ്യമേഖലയില്‍ അഴിമതി വ്യാപകമായി. കോവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ള നാം കണ്ടതാണ്. ആരോഗ്യമേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ പ്രതിപക്ഷ ജനപ്രതിനിധികള്‍ തയാറാണ്.” കെ.സി.പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts