Your Image Description Your Image Description

തിരുവനന്തപുരം: കെഎസ്ആര്‍ടി പുതിയ സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ട്രയല്‍ ഡ്രൈവ് നടത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെ എസ് ആര്‍ ടി സിക്കായി വാങ്ങിയ പുതിയ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് മന്ത്രി ഓടിച്ച് നോക്കിയത്. ബസ് ഓടിക്കുന്ന വീഡിയോ ഗണേഷ് കുമാര്‍ ഫെയ്‌സ് ബുക്കിലും പങ്കുവെച്ചു.

‘പുതിയ ബസുകള്‍ വരുമെന്ന് പറഞ്ഞു… വന്നു. കെഎസ്ആര്‍ടിസിക്കായി വാങ്ങിയ പുതിയ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചു ട്രയല്‍ നോക്കി. ചില നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ചെറിയ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍തന്നെ ബാക്കി ബസുകള്‍ കൂടി എത്തും. പുതിയ ടെക്നോളജിയും കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നത്. കാത്തിരിക്കാം സുഖയാത്രയ്ക്കായ്. ഒട്ടും വൈകില്ലാ…’ വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചു.

ആറുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തുന്നത്. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സമയത്ത് ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നല്‍കിയിരുന്നത്. ടാറ്റയില്‍നിന്ന് വാങ്ങുന്ന 80 ബസുകളില്‍ സൂപ്പര്‍ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറുകളുമാണുള്ളത്.

ബസ് വാങ്ങാന്‍ 107 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചത്. ഇതില്‍ ആദ്യഘട്ടമായി 63 കോടി രൂപ അനുവദിച്ചിരുന്നു. മൊത്തം 143 ബസുകളാണ് വാങ്ങുന്നത്. ഇതില്‍ 106 എണ്ണം സ്വിഫ്റ്റിന് നല്‍കും. അശോക് ലൈലന്‍ഡ്, ഐഷര്‍ കമ്പനികളില്‍നിന്നും ബസുകള്‍ വാങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts