Home » Blog » Kerala » ഗോവിന്ദനും സുധാകരനും കുഞ്ഞികൃഷ്ണനുമൊക്കെ ഇനി സിപിഎമ്മില്‍ എന്ത് കാര്യം; സിപിഎം വിമര്‍ശനം ഇവര്‍ തുടരേണ്ടതുണ്ടോ?

സിപിഎം വിട്ട ജി.സുധാകരനും ടി.കെ.ഗോവിന്ദനും കുഞ്ഞികൃഷ്ണനുമൊക്കെ യുഡിഎഫില്‍ എത്തുകയും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയാവുകയുമൊക്കെ ചെയ്തു. പാലക്കാട് നിന്നും പി.കെ.ശശിയും സുരേഷും യുഡിഎഫ് ക്യാമ്പിലെത്തി മത്സരിച്ചെങ്കിലും ഇരുവര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഇവരൊക്കെ സംസ്ഥാന തലത്തില്‍ സിപിഎമ്മില്‍ സൃഷ്ടിച്ച അലയൊലികള്‍ വലുതായിരുന്നു. ഒട്ടേറെ സിപിഎം വോട്ടുകളും അനുഭാവി വൃന്ദത്തിന്റെ വോട്ടുകളും സിപിഎമ്മിന് നഷ്ടമായി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കോട്ടകൊത്തളങ്ങള്‍ നിലംപരിശാവുകയും ചെയ്തു. സീപിഎമ്മില്‍ പിടിമുറുക്കിയ പാര്‍ലമെന്ററി വ്യാമോഹത്തിന്‍റെ പ്രതീകങ്ങളായിരുന്നു ഇവരെല്ലാവരും. അതുകൊണ്ട് തന്നെയാണ് ഇവര്‍ പാര്ട്ടീയെ വെല്ലുവിളിച്ച് പുറത്തെത്തി മത്സരിച്ചതും.

സിപിഎമ്മിനെ അറിയാവുന്നതിനാല്‍ കുറിക്ക് കൊള്ളുന്ന വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് ഇവര്‍ പാര്‍ട്ടി വിട്ടതും യുഡിഎഫ് ക്യാമ്പില്‍ എത്തിയതും. സിപിഎമ്മില്‍ നിന്നാല്‍ എംഎല്‍എമാരാകാന്‍ സാധ്യതയിലാത്ത ഇവര്‍ യുഡിഎഫ് ക്യാമ്പിലെത്തിയതോടെ എംഎല്‍എമാരായി. പ്രായപരിധി പ്രശ്നമുള്ളതിനാല്‍ സുധാകരനും സിപിഎമ്മില്‍ നിന്നിരുന്നെങ്കില്‍ ഇക്കുറി മത്സരിക്കാനോ എംഎല്‍എയാകാനോ കഴിയുമായിരുന്നില്ല. എന്നാല്‍ സുധാകരനും വീണ്ടും എംഎല്‍എയായി. വ്യക്തിപരമായി വലിയ നേട്ടമാണ് സിപിഎം വിട്ടതിന്‍റെ പേരില്‍ ഇവര്‍ക്ക് ലഭിച്ചത്. പാര്‍ട്ടി മാറുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും എംഎല്‍എമാരാകുന്നതുമൊക്കെ സാധാരണമാണ്. അതുകൊണ്ട് ഇതൊക്കെ അംഗീകരിക്കാവുന്നതുമാണ്. എന്നാല്‍ സിപിഎം വിട്ട സ്ഥിതിക്ക് ഇവര്‍ സിപിഎം വിമര്‍ശനം തുടരുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

ജയിച്ച് എംഎല്‍എയായിട്ടും കടുത്താ സിപിഎം വിമര്‍ശനമാണ് ഇവര്‍ മൂവരും നടത്തുന്നത്. കഴിഞ്ഞ ദിവസവും രൂക്ഷവിമര്‍ശനം തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ സിപിഎമ്മിന് എതിരേ ഗോവിന്ദനും കുഞ്ഞികൃഷ്ണനും നടത്തിയത്. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് സിപിഎമ്മിനും ഇടതുപക്ഷത്തിനുണ്ടായ പരാജയകാരണങ്ങളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തുറന്നു പറച്ചില്‍ യാഥാര്‍ത്ഥ്യവുമായി ചേരുന്നതല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടി അണികളെ കേട്ടതിന് ശേഷമുള്ള റിവ്യൂവല്ല തയ്യാറാക്കിയത് ഇപ്പോഴുള്ള തെറ്റുതിരുത്തല്‍ ഒരു നാടകമാണെന്നും ഇവര്‍ ആക്ഷേപിച്ചു. ഇനി ഇത്തരം വാര്‍ത്താസമ്മേളനങ്ങള്‍ ആവശ്യമുണ്ടോ?സിപിഎമ്മിനെ നന്നാക്കണമെങ്കില്‍ അതിന് സിപിഎമ്മില്‍ തന്നെ നേതാക്കളുണ്ട്. ഇപ്പോഴുള്ള ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ അത് പ്രതിഫലിക്കുന്നുമുണ്ട്. സിപിഎമ്മിന്‍റെ അകത്ത് നിന്നപ്പോള്‍ ഇവര്‍ക്ക് പാര്‍ട്ടിയെ നന്നാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി പുറത്തുപോയ ശേഷം എന്തിനാണ് പാര്‍ട്ടിയെ നന്നാക്കുന്നത്.

ഇഴകീറിയ വിമര്‍ശനമെല്ലാം പാര്‍ട്ടിക്ക് അകത്തുള്ളവര്‍ നടത്തുന്നതാണ് അതിന്റെ മാന്യത. ഈ മാന്യത സിപിഎമ്മിനെ നന്നാക്കാന്‍ പോകുന്നവരില്‍ നിന്നും കൈമോശം വന്നു പോകരുത്. ഇപ്പോള്‍ യുഡിഎഫ് ക്യാമ്പിലെത്തിയ സ്ഥിതിക്ക് യുഡിഎഫ് വിമര്‍ശനം നടത്താന്‍ തന്നെ ഒരുപാട് അവസരമുണ്ട്. അത്രയധികം പ്രശ്നങ്ങളുമുണ്ട്. മാസം 80 ലക്ഷം നല്‍കി അതായത് വര്ഷം 10 കോടിയിലധികം നല്‍കി ഒരു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഭരണതലത്തില്‍ നീക്കം നടക്കുകയാണ്. പിണറായി സര്‍ക്കാര്‍ ഇത് ചെയ്തപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരുന്ന് വിമര്‍ശിച്ച സതീശനാണ് ഇപ്പോള്‍ മുഖ്യമന്ത്രി. അപ്പോള്‍ തീര്‍ച്ചയായും ആ പ്രശ്നം ഉന്നയിക്കാം.

വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണം ഉയര്‍ത്തിക്കാട്ടി പിഎം ശ്രീ കരാറുമായി മുന്നോട്ടുപോകാന്‍ പ്രതിപക്ഷത്താകുമ്പോള്‍ യുഡിഎഫ് എല്‍ഡിഎഫിനെ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ പിഎം ശ്രീ നടപ്പിലാക്കാന്‍ ലീഗ് ഭരിക്കുന്ന വിദ്യാഭ്യാസവകുപ്പ് തന്നെ ഒരുങ്ങുകയാണ്. അതൊക്കെ മുന്നണിയില്‍ നിന്നും പരസ്യമായി എതിര്‍ത്താല്‍ അത് വാര്‍ത്താ തലക്കെട്ടുകള്‍ പിടിച്ചടക്കുക തന്നെ ചെയ്യും. എന്നാല്‍ അതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല എന്ന മട്ടില്‍ സിപിഎം വിമര്‍ശനം തുടരുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതൊക്കെ അവസാനിപ്പിക്കാന്‍ സമയമായില്ലേസുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്നനും അടക്കമുള്ളവര്‍ ആലോചിക്കേണ്ടതുണ്ട്.