അര്‍ദ്ധരാത്രി പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്ത വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനുവേണ്ടി മുന്‍ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍.ശ്രീലേഖ രംഗത്ത്. സുഗതൻ എങ്ങനെ ഗുണ്ടയായി എന്നാണ് ഫെയ്സ് ബുക്ക് കുറിപ്പില്‍ ശ്രീലേഖ ചോദിക്കുന്നത്. കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. ഇപ്പോഴും പൊലീസും ജില്ലാ അധികാരികളും മറ്റുള്ള ഉദ്യോഗസ്ഥരും ഒക്കെ സിപിഎം പറയുന്നതൊക്കെ അനുസരിക്കുന്ന അടിമകളും വിധേയരുമാണ് എന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.
ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ് അല്ല, ഇന്ത്യ മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാല്‍ അതില്‍ അതിശയപ്പെടേണ്ടതില്ല. കഴിഞ്ഞ 10 വര്‍ഷത്തെ സിപിഎം ദുര്‍ഭരണത്തില്‍ കേരളത്തില്‍ ആകെ സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് ഗുണ്ടാ വിളയാട്ടമായിരുന്നല്ലോ? അതിനെതിരെ ധൈര്യപൂര്‍വ്വം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതന്‍. വട്ടിയൂര്‍ക്കാവില്‍ ഉണ്ടായിരുന്ന സകലമാന അനധികൃത പ്രവൃത്തികളെയും ചോദ്യം ചെയ്യുകയും, നാട്ടുകാര്‍ക്ക് വേണ്ടി പൊരുതി നില്‍ക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകള്‍ പോലീസ് എടുത്തത്. എല്ലാം സിപിഎം നേതാക്കളുടെ ആജ്ഞ പ്രകാരം. ഇതെല്ലാം അറിയാവുന്ന ജനമാണ് സുഗതനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത്. അത് സിപിഎമ്മുകാര്‍ക്ക് വലിയ തിരിച്ചടിയായി.
25 വാര്‍ഡ് ഉള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 11 എണ്ണം ബിജെപിയും 9 എണ്ണം കോണ്‍ഗ്രസ്സും കൊണ്ടുപോയത് അവിടെയുള്ള സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം കാരണമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥാനാര്‍ഥി ആണെന്നറിഞ്ഞപ്പോള്‍ തുടങ്ങി പോലീസ് എനിക്കെതിരെയും എടുത്തല്ലോ 2 കള്ള കേസുകള്‍? ജൂണ്‍ 9 രാതി 9 മണിക്ക് സിപിഎം നേതാക്കള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീട്ടിനു മുന്‍പില്‍ അരങ്ങേറിയത്. കാപ്പ പ്രതിയെ ഒരു ലോക മാഫിയ തലവനെയോ, തീവ്രവാദിയെയോ പിടിക്കുന്നതുപോലൊന്നും പോലീസ് ഇതേവരെ ചെയ്തിട്ടില്ല.
വെറും നാലുപേര്‍ മാത്രമുള്ള വീട്ടില്‍ ഒരു പ്ലറ്റൂണ്‍ സായുധ പോലീസുമായി 2 വാഹനത്തിന്റെ അകമ്പടിയോടെ ചെന്ന് വീട്ടുകാരെ, പ്രത്യേകിച്ച് 2 കുഞ്ഞുങ്ങളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി, അവിടെയുള്ള സ്ത്രീയുടെ മീതെ ശാരീരിക ആക്രമണം നടത്തി, അതൊന്നും പോരാതെ, അക്രമാസക്തമായ വലിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പോലെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് മഫ്റ്റി വേഷത്തില്‍ ചീപ്പ് ഹീറോയിസം കാണിച്ച എസ്എച്ചഒ വിപിന്‍ ഒരു കമ്മ്യൂണിസ്റ്റ് പോലീസ് ആണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? അയാളെ തിരഞ്ഞെടുപ്പിന് മുന്‍പ് സിപിഎം സര്‍ക്കാര്‍ പ്രത്യേകമായി ചെങ്ങന്നൂരില്‍ നിന്ന് കൊണ്ട് വന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ നിയമിച്ചത് അവിടെ മൂന്നാം വട്ടവും വി.കെ.പ്രശാന്തിനെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാം.
സുഗതൻ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെയല്ലാതെ ഒരാൾക്കും എതിരെ സുഗതൻ പ്രതികരിച്ചിട്ടില്ല. സഹായിച്ചിട്ടേ ഉള്ളൂ. ഇതൊന്നും ഇപ്പോഴും സിപിഎം വിധേയത്വം വിട്ടു മാറാത്ത ഒരു പൊലീസുകാരും സർക്കാരിനെ അറിയിക്കാൻ പോകുന്നില്ല. അതുകൊണ്ടാണ് എനിക്ക് പറയേണ്ടി വന്നത്. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ് അല്ല, ഇന്ത്യ മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അതിൽ അതിശയപ്പെടേണ്ടതില്ല’ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
മേയര്‍ വി.വി.രാജേഷും സുഗതനുവേണ്ടി രംഗത്തുവന്നിരുന്നു. ഏത് കാപ്പ കേസ് ആണ് സുഗതന് എതിരേ ഉള്ളത്. സിപിഎം ആജ്ഞാനുവര്‍ത്തിയായ വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയാണ് സുഗതനെ കുരുക്കിയത് എന്നും ബിജെപി പ്രതിരോധം തീര്‍ക്കുമെന്നും രാജേഷ് പറഞ്ഞിരുന്നു. സുഗതൻ കൊടും ക്രിമിനൽ, പുറത്താക്കണംമെന്നു മേയറോട് കോര്‍പറേഷനിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.പി.ദീപക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സുഗതന്റെ അറസ്റ്റ് ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു രാഷ്ട്രീയ പ്രശ്നമായിരിക്കുകയാണ്.
