തിരുവനന്തപുരത്ത് ബിജെപി കൗൺസിലറെ പോലീസ് പിടികൂടിയത് ആകാശത്തേക്ക് വെടിവെച്ച്. വധശ്രമക്കേസില്‍ പോലീസ് തേടിയ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതനെയാണ് പോലീസ് ആകാശത്തേക്ക് വെടിവച്ച് പിടികൂടിയത്. 2 മാസം മുൻപ് ക്ഷേത്രോത്സവത്തിനിടെ 2 പേരെ ആക്രമിച്ച് പരുക്കേൽപിച്ച കേസിലാണ് അറസ്റ്റ്.
വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണത്ത് ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു നാടകീയ സംഭവവികാസങ്ങള്‍. കൗൺസിലറെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ബിജെപി പ്രവർത്തകർ വളഞ്ഞതോടെയാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒ എ.സി.വിപിന്‍റെ നേതൃത്വത്തിലുള സംഘം ആകാശത്തേക്ക് വെടിവച്ചത്.
വധശ്രമക്കേസുമായി ബന്ധപ്പെട്ട് സുഗതന്‍ ഒളിവിലായിരുന്നു. പോലീസ് നിരന്തരം ശ്രമിച്ചിട്ടും സുഗതനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഒളിവിലിരുന്നു മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചു. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇതിനിടയില്‍ സുഗതന്‍ വാഴോട്ടു കോണത്ത് എത്തിയതായി പോലീസിനു രഹസ്യവിവരം ലഭിച്ചു. പോലീസ് എത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ പോലീസിനെ വളഞ്ഞു. പോലീസിനെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാസ്ഥയായി. ഇതോടെ പോലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞപ്പോഴാണ് സുഗതനെ പോലീസ് പിടികൂടിയത്.
വധശ്രമക്കേസില്‍ ഒന്നാം പ്രതിയായിരുന്നു കൌണ്‍സിലര്‍. സുഗതന്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരുക്ക് പറ്റിയവര്‍ മൊഴി നല്‍കിയത്. ഇതോടെയാണ് പോലീസ് കേസില്‍ സുഗതനെ ഒന്നാം പ്രതിയാക്കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ബിജെപി രംഗത്തുവന്നിരുന്നു. ക്ഷേത്രോത്സവം അലങ്കോലമാക്കാൻ ശ്രമിച്ചവരെ കൗൺസിലർ തടഞ്ഞെന്നായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍ പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തില്ല. കേസ് വന്നതോടെ സുഗതന്‍ ഒളിവില്‍ പോവുകയും ചെയ്തു. ഇതോടെ പോലീസ് സുഗതനെ അന്വേഷിക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ സുഗതൻ പിന്നീട് കോർപറേഷൻ കൗൺസിൽ യോഗങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. സുഗതന്‍ അറസ്റ്റിലായതോടെ ബിജെപി പ്രവർത്തകർ രാത്രി തന്നെ പ്രതിഷേധവുമായി വട്ടിയൂർക്കാവ് സ്റ്റേഷനിലെത്തി. ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലാണെന്ന് അറിയിച്ചിട്ടും പൊലീസ് അതു പരിഗണിച്ചില്ലെന്ന് ജനറൽ ആശുപത്രിയില്‍ വച്ച് സുഗതന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍പ് പത്തോളം കേസുകളില്‍ പ്രതിയായിരുന്നു സുഗതന്‍. ഇയാള്‍ക്കെതിരെ കളക്ടര്‍ കാപ്പയും ചുമത്തിയിരുന്നു. കോര്‍പറേഷന്‍ കൌണ്‍സിലില്‍ നേരിയ ഭൂരിപക്ഷം മാത്രമാണ് എന്‍ഡിഎയ്ക്ക് ഉള്ളത്. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് കേരളത്തില്‍ ആദ്യമായി ലഭിച്ച കോര്‍പറേഷനില്‍ ബിജെപി ഭരിക്കുന്നത്. അതുകൊണ്ട് തന്നെ എങ്ങനെയും കൌണ്‍സിലറെ കേസില്‍ നിന്നും ഊരിക്കൊണ്ട്പോകാനാണ് ബിജെപി ശ്രമം.
