Your Image Description Your Image Description

ദോഹ: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടന്നതിനു പിന്നാലെ ഇന്ത്യക്കാർക്ക് സുരക്ഷാ നിർദേശങ്ങളുമായി ഖത്തർ ഇന്ത്യൻ എംബസി. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഖത്തറിലെ അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് എംബസിയുടെ നിർദേശം. മൂന്ന് മിസൈലുകൾ ഉദൈദ് വ്യോമ താവളത്തിൽ പതിച്ചതായി ഖത്തർ മാധ്യമങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

ഇറാക്കിലെ അമേരിക്കന്‍ താവളവും ഇറാന്‍ ആക്രമിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ, ബഹ്‌റൈനില്‍ സുരക്ഷാ സൈറന്‍ മുഴങ്ങി. സുരക്ഷാ സ്ഥാനങ്ങളിലിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. റോഡുകള്‍ ഉപയോഗിക്കുന്നതില്‍ ഔദ്യോഗിക വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.

അതേസമയം, അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു. ആക്രമണത്തെ അപലപിച്ച ഖത്തര്‍ മിസൈലുകളെ പ്രതിരോധിച്ചുവെന്നും വ്യക്തമാക്കി. ഖത്തര്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചുവെന്നും അമേരിക്കന്‍ ബേസ് നേരത്തെ ഒഴിപ്പിച്ചുവെന്നും ഖത്തര്‍ പറയുന്നു. എന്നാല്‍ സഹോദര രാഷ്ട്രങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടുണ്ട്. സഹോദര രാഷ്ട്രങ്ങളെയും പൗരന്മാരെയും ലക്ഷ്യമിടില്ലെന്നും ഗള്‍ഫ് രാഷ്ട്രങ്ങള്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും ഇറാന്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *