സിഎംആര്‍എല്‍-എക്സാലോജിക്ക് മാസപ്പടി കേസിന് പിന്നാലെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലും സിപിഎം കുരുക്കില്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കളായ എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.എം. വർഗീസ് തുടങ്ങിയ 28 പ്രതികളേയും വിചാരണചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്ന് നേതാക്കള്‍ കോടതിയില്‍ വാദിച്ചെങ്കിലും വാദം കോടതി തള്ളുകയായിരുന്നു.
അടുത്തമാസം നാലിന് കോടതിയിൽ ഇവര്‍ നേരിട്ട് ഹാജരാകണം.
പ്രതി പട്ടികയിലെ 28 പേർക്കാണ് സമൻസ് അയച്ചത്.കേസില്‍ സിപിഎമ്മിനേയും കൂടി പ്രതിചേർത്താണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികളായവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി പിഎംഎൽഎ കോടതി, വിചാരണ ചെയ്യാനുള്ള അനുമതിയും നൽകിയത്. 232 കോടിയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി ഇ.ഡി പറയുന്നു. 128 കോടി രൂപ പ്രതികളുടെ സ്വത്തുക്കളിൽനിന്ന് ഇ.ഡി കണ്ടുകെട്ടിയിട്ടുമുണ്ട്.
ചരിത്രത്തിൽ ആദ്യമാണ് തട്ടിപ്പുകേസില്‍ ഇ.ഡി. ഏതെങ്കിലുമൊരു പാർട്ടിയെ പ്രതിചേർക്കുന്നത്. തട്ടിപ്പിന് സിപിഎമ്മാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണ് പാര്‍ട്ടിയെ കൂടി പ്രതിചേര്‍ത്തിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ നടന്നത്. 2012-2013 കാലത്ത് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ക്രമക്കേടുകൾക്ക് തുടക്കമിട്ടത്. ക്രമരഹിതമായി വായ്‌പ അനുവദിക്കുക, ഒരേ ഈടിന്മേൽ വായ്‌പ അനുവദിക്കുക എന്നിവയെല്ലാം ബാങ്കില്‍ നടന്നു. പാർട്ടി ഓഫീസിന് സ്ഥലം വാങ്ങിയതും കെട്ടിടം നിർമിച്ചതുമെല്ലാം കരുവന്നൂര്‍ തട്ടിപ്പില്‍ ലഭിച്ച പണം ഉപയോഗിച്ചാണെന്നും ഇ ഡിയുടെ കണ്ടെത്തലിലുണ്ട്.
ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതിയിലെ 53പേർക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അതിൽ വിചാരണ തുടങ്ങിയിട്ടുമുണ്ട്. നേതാക്കളെ പ്രതിചേർത്ത് ഇപ്പോൾ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. അതിലും പിഎംഎൽഎ കോടതി ഇഡിക്ക് അനുകൂലമായി ഉത്തരവാണ് നല്‍കിയത്. സിഎംആര്‍എല്‍-മാസപ്പടി കേസില്‍ വീണ വിജയന് എതിരേയുള്ള അന്വേഷണം ഇഡി ശക്തിപ്പെടുത്തിയിരുന്നു. പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ അടക്കമുള്ള വീടുകളിലും സിഎംആര്‍എല്‍ ഓഫീസുകളും റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ 242 ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇഡി സംഘത്തിനു നേരെ കടുത്ത ആക്രമണം നടത്തിയാണ് സിപിഎം പ്രതികരിച്ചത്. ആക്രമണത്തില്‍ ഉള്‍പ്പെട്ട നേതാക്കള്‍ ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ തുടരുകയാണ്. കേസില്‍ ഉള്‍പ്പെട്ടവരെ തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ തന്നെയാണ് കരുവന്നൂര്‍ കേസും സിപിഎമ്മിന് എതിരേ തിരിയുന്നത്.
കെ.രാധാകൃഷ്ണന്‍ എംപിയും മുന്‍ മന്ത്രി എ.സി.മൊയ്തീന്‍ നിലവില്‍ എംഎല്‍എയാണ്. സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയാണ് വര്‍ഗീസ്. ഇവരെ കൂടാതെയാണ് പാര്‍ട്ടിയും പ്രതി ചേര്‍ക്കപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ഏല്‍പ്പിച്ച ആഘാതം പാര്‍ട്ടിയെ വേട്ടയാടുമ്പോള്‍ തന്നെയാണ് മാസപ്പടി കേസും കരുവന്നൂര്‍ തട്ടിപ്പ് കേസുമൊക്കെ സജീവമാകുന്നതും.
