Home » Blog » Kerala » ‘സംഘി’, ‘ഒറ്റുകാർ’ എന്നൊക്കെ വിളിച്ചവര്‍ എവിടെപ്പോയി; പിഎം ശ്രീയില്‍ ഇടത് എതിര്‍പ്പിനെ ഭയന്ന് യുഡിഎഫ് സര്‍ക്കാര്‍
pmshri

പ്രതിപക്ഷത്തിരുന്നു കോലാഹലമുണ്ടാക്കി പിഎം ശ്രീപദ്ധതിയെ എതിര്‍ത്തതായിരുന്നു യുഡിഎഫ്. കേന്ദ്രവുമായി ഒപ്പിട്ട പദ്ധതി പ്രതിപക്ഷത്ത് നിന്നും സിപിഐയില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയുടെ അജയ്യതയ്ക്ക് കോട്ടം തട്ടിയതും പിഎം ശ്രീയിലായിരുന്നു. എന്ത് വന്നാലും പിഎം ശ്രീ നടപ്പാക്കും എന്ന് പറഞ്ഞ് മുന്നോട്ടു പോയ പിണറായി ഒടുവില്‍ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതരായി. 1400 മുതല്‍ 1500 കോടിവരുന്ന കേന്ദ്ര ഫണ്ടാണ് സംസ്ഥാനത്തിന് പദ്ധതി റദ്ദാക്കിയതിലൂടെ നഷ്ടമായത്.

ബിജെപിയുടെ കാവിവത്കരണം നടപ്പിലാക്കുകയാണ് എന്നായിരുന്നു പിഎം ശ്രീയ്ക്ക് എതിരേ ഉയര്‍ന്ന കേരളത്തില്‍ ഉയര്‍ന്ന ആക്ഷേപം. ഇപ്പോള്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ പഴയ എതിര്‍പ്പ് മറികടന്നു വീണ്ടും പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് നീക്കം. മുസ്ലിം ലീഗ് വിദ്യാഭ്യാസവകുപ്പ് ഭരിക്കുമ്പോള്‍ തന്നെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. പി.എം. ശ്രീ പദ്ധതിയെ സംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിലാണ്. പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകൾ സംസ്ഥാന താൽപര്യങ്ങൾക്ക് തിരിച്ചടിയാകില്ലെന്നും നിലവിലെ വിദ്യാഭ്യാസ നയത്തിലും പാഠ്യപദ്ധതിയിലും അടിസ്ഥാനപരമായ മാറ്റങ്ങൾ ആവശ്യമില്ലെന്നുമാണ് വകുപ്പ് സെക്രട്ടറി വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ പിഎം ശ്രീ നടപ്പിലാക്കരുത് എന്നാവ്ശ്യപ്പെട്ട് സിപിഎം രംഗത്തുണ്ട്. പിഎം ശ്രീ പദ്ധതി യുഡിഎഫ് ഉപേക്ഷിക്കണമെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടപ്പോൾ ‘സംഘി’യെന്നും ‘ഒറ്റുകാർ’ എന്നും വിളിച്ച് ആക്ഷേപിച്ച വി.ഡി സതീശനും കെ.സി വേണുഗോപാലും, പദ്ധതി നടപ്പാക്കില്ലെന്ന് പ്രസംഗിച്ച കെ.എം ഷാജിയും ഇന്ന് എവിടെപ്പോയെന്നാണ് ശിവൻകുട്ടി ചോദിക്കുന്നത്. അന്ന് ഞങ്ങളെ വേട്ടയാടിയവർ ഇന്ന് അതേ പദ്ധതിക്ക് വേണ്ടി രംഗത്ത് എത്തിയിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന ഉപാധിയോടെ മാത്രം ഫണ്ട് നൽകുമെന്ന് ഭീഷണിപ്പെടുത്തുന്ന കേന്ദ്രത്തിന് മുന്നിൽ തലകുനിക്കരുതെന്നും പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കം യുഡിഎഫ് സർക്കാർ ഉപേക്ഷിക്കണമെന്നുമാണ് ശിവൻകുട്ടി പറയുന്നത്.

ഭരണപക്ഷത്തുള്ളപ്പോള്‍ പദ്ധതിയെ എതിര്‍ത്ത സിപിഐയും പിഎംശ്രീയെ എതിര്‍ക്കുമെന്ന് ഉറപ്പാണ്. പിണറായി സര്‍ക്കാര്‍ പിഎം ശ്രീ നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇടത് നയത്തില്‍ നിന്നും സിപിഎം വ്യതിചലിക്കുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ആരോപിച്ചത്. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനെ സിപിഐ അനുവദിക്കുകയും ചെയ്തില്ല. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന് പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്നു ആഗ്രഹമുണ്ട്. പക്ഷെ കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന് വന്ന അതേ എതിര്‍പ്പ് നേരിടേണ്ടിയും വരും. എന്താണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.