മോസ്കോ: ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാവകാശത്തെ പിന്തുണച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഉപരോധങ്ങളിലൂടെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ഏത് ശ്രമത്തിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പരമാധികാര രാജ്യങ്ങൾക്ക് തങ്ങളുടെ പ്രതിരോധ-സാമ്പത്തിക പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും പുടിൻ വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എപ്പോഴും സ്വന്തം ദേശീയ താത്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ബാഹ്യസമ്മർദങ്ങളുണ്ടായാലും അത് തുടരുമെന്നും പുടിൻ പറഞ്ഞു. ഇന്ത്യ എപ്പോഴും ഒരു പരമാധികാര രാജ്യമെന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. മോദിയുടെ നേതൃത്വത്തിൽ ഉപരോധ ഭീഷണികളുണ്ടായാൽ ഉടൻ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തെ ഊന്നിപ്പറഞ്ഞുകൊണ്ട്, ഇന്ത്യക്ക് ഏറ്റവും ആധുനികവും അനുയോജ്യവുമെന്ന് കരുതുന്ന ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ എന്ത് പറഞ്ഞാലും ഇന്ത്യ എപ്പോഴും ഈ രീതിയിലാണ് പ്രവർത്തിച്ചിട്ടുള്ളത്. റഷ്യൻ പ്രതിരോധ സംവിധാനങ്ങളായ Su-57 അല്ലെങ്കിൽ S-500 എയർ ഡിഫൻസ് പ്ലാറ്റ്ഫോം സ്വന്തമാക്കിയാൽ യു.എസിൽനിന്ന് ഇന്ത്യയ്ക്ക് ഉപരോധ സമ്മർദം നേരിടേണ്ടിവരുമോ എന്ന ചോദ്യത്തിന്, ഇന്ത്യ ദേശീയ താത്പര്യങ്ങളാൽ നയിക്കപ്പെടുന്ന ഒരു സ്വതന്ത്ര വിദേശനയമാണ് സ്ഥിരമായി പിന്തുടരുന്നതെന്നും പുടിൻ മറുപടിനൽകി.
