ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നിന്ന് പുറത്തുവന്ന ഒരു വിചിത്രമായ വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പരസ്പരം അകന്നുജീവിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഒരേ യുവാവിനെ തന്നെ മൂന്ന് സഹോദരിമാര്‍ വിവാഹം കഴിക്കുകയുണ്ടായി. സരോജ് (20), സാവിത്രി റാണി (19), സന്തോഷ് (18) എന്നീ സഹോദരിമാരാണ് വികാസ് എന്ന യുവാവിന്റെ ജീവിതസഖികളായത്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ ഈ മൂന്ന് സഹോദരിമാരും കണ്ടന്റ് ക്രിയേറ്റര്‍മാരാണ്. ഇവരുടെ ഭര്‍ത്താവായ വികാസ് ആകട്ടെ, ക്യാമറാമാനായും ജോലി ചെയ്തുവരുന്നു. ചാമുണ്ഡ മാതാ ക്ഷേത്രത്തില്‍ വെച്ചാണ് ഇവര്‍ പരമ്പരാഗത രീതികള്‍ക്കപ്പുറം ഈ വ്യത്യസ്തമായ വിവാഹച്ചടങ്ങ് പൂര്‍ത്തിയാക്കിയത്.
തങ്ങളുടെ ജീവിതത്തില്‍ ഇതുവരെ ഒരിക്കല്‍ പോലും പിരിഞ്ഞിരുന്നിട്ടില്ലെന്നും വിവാഹശേഷം വ്യത്യസ്ത വീടുകളിലേക്ക് മാറിപ്പോകേണ്ടി വരുന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും സഹോദരിമാര്‍ വ്യക്തമാക്കുന്നു. വിവാഹത്തോടെ പരസ്പരം പിരിയേണ്ടി വരുമെന്നോര്‍ത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും, അതിനുശേഷമാണ് ഈ കൂട്ടായ തീരുമാനത്തിലേക്ക് എത്തിയതെന്നും ഇവര്‍ പറയുന്നു.
നാലുപേരും നിയമപരമായി പ്രായപൂര്‍ത്തിയായവരാണെന്നും, ആരുടെയും സമ്മര്‍ദ്ദമില്ലാതെ പൂര്‍ണ്ണമായ സ്വന്തം താത്പര്യപ്രകാരമാണ് ഈ വിവാഹം നടന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. എങ്കിലും, ഈ വിവാഹം സാമൂഹികവും പരമ്പരാഗതവുമായ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ചില ഹിന്ദു സംഘടനകള്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
