Home » Blog » Kerala » സോനം വാങ്ചുക്കിന്റെ ജീവനാണ് പ്രധാനം; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചുനിന്ന് ‘കോക്രോച്ച് ജനതാ പാർട്ടി’
images - 2026-07-24T191513.003

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കൊക്റോച്ച് ജനതാ പാർട്ടി. സമര രീതികളെച്ചൊല്ലി വാങ്ചുക്കും സിജെപിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകൾ പാർട്ടി തള്ളി. ഇരുവിഭാഗങ്ങൾ തമ്മിൽ ഒരു അഭിപ്രായഭിന്നതയുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ് വ്യക്തമാക്കി.

 

സമരത്തിനിടയിൽ 11 കിലോയോളം ഭാരം കുറഞ്ഞ സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയെക്കുറിച്ച് കടുത്ത ആശങ്കയുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ത്യാഗം പാഴാക്കില്ലെന്നും സിജെപി വക്താവ് കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളിൽ പാർട്ടി ഉറച്ചുനിൽക്കുന്നു. “ഞങ്ങളൊരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അത് നേടുന്നതുവരെ അതിനായി നിലകൊള്ളും” എന്ന് സൗരവ് ദാസ് വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി അറിയിച്ചെങ്കിലും മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാൻ സിജെപി തയ്യാറായിട്ടില്ല.

 

സോനം വാങ്ചുക്കിന്റെ ജീവൻ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് അദ്ദേഹം നടത്തിയതെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു. ജന്തർ മന്തറിലെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും പാർട്ടി അറിയിച്ചു.

 

രാജ്യത്തുടനീളം അക്രമ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയും, വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65-ഓളം പാർലമെന്റ് അംഗങ്ങളുടെ അഭ്യർത്ഥന മാനിച്ചുമാണ് ദീർഘമായ ചർച്ചകൾക്ക് ശേഷം സമരം അവസാനിപ്പിച്ചതെന്ന് സോനം വാങ്ചുക് വ്യക്തമാക്കി. രാജ്യത്ത് എവിടെയും അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ നടത്തിയ വിമർശനങ്ങളിലും സിജെപി നിലപാട് വ്യക്തമാക്കി. ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകാമെന്നും എന്നാൽ ഭരണഘടനാനുസൃതമായി സമാധാനപരമായി പ്രതിഷേധിക്കാൻ ഏവർക്കും അവകാശമുണ്ടെന്നും സൗരവ് ദാസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്തുന്നതിന് പകരം രാഹുൽ ഗാന്ധി ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ പങ്കുചേരുകയാണ് വേണ്ടതെന്നായിരുന്നു ഗീതാഞ്ജലിയുടെ വിമർശനം. എന്നാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി നേതൃത്വം നൽകിയ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും സിജെപി അദ്ദേഹത്തിന്റെ നടപടിയെ പിന്തുണയ്ക്കുന്നുവെന്നും സൗരവ് ദാസ് വ്യക്തമാക്കി.