തിരുവനന്തപുരം: സിപിഎമ്മിൽ വൻ സംഘടനാപരമായ അഴിച്ചുപണിക്ക് ഒരുങ്ങി നേതൃത്വം. പാർട്ടിയിൽ ഇനി അങ്ങോട്ട് അടിമുടി മാറ്റമുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് വ്യക്തമാക്കി. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും പാർട്ടിയെ അടിമുടി പുതുക്കിപ്പണിയുമെന്നും അദ്ദേഹം പറഞ്ഞു. മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ ശേഖരിച്ച ശേഷമാണ് പുതിയ തീരുമാനങ്ങളെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന് ഗുരുതര വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. പിണറായി വിജയനിൽ മാത്രം പ്രചാരണം കേന്ദ്രീകരിച്ചത് വലിയ തിരിച്ചടിയായെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളും സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകളും റിപ്പോർട്ടിൽ എണ്ണിയെണ്ണി പറഞ്ഞിരുന്നു. ഇടത് രാഷ്ട്രീയം ചർച്ചയാക്കുന്നതിൽ പ്രചാരണം പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വീഴ്ചകൾ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തുന്നതിനായി സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട്ട് വെച്ച് വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരും.
