Home » Blog » Kerala » സിഎംആർഎൽ മാസപ്പടി കേസ്: സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയൻ പ്രതിയാകുമെന്ന് മാത്യു കുഴൽനാടൻ
14

കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിന് പിന്നിൽ വലിയ അഴിമതിയാണ് നടന്നതെന്നും അത് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി എംഎൽഎ മാത്യു കുഴൽനാടൻ. കേസിൽ വിജിലൻസ് അല്ലെങ്കിൽ സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയൻ പ്രതിയാകുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. മുൻപ് വിജിലൻസിന് കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയ വിധിക്ക് പിന്നാലെയായിരുന്നു മാത്യു കുഴൽനാടന്റെ പ്രതികരണം. സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതോടെ ഇഡി അന്വേഷണത്തിന് കൂടുതൽ വഴിയൊരുങ്ങിയിരിക്കുകയാണ്. ഇഡി അന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം നേരത്തെ സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും നിരസിച്ചിരുന്നു.

“ഇസിഐആർ” രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്താൻ കഴിയില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാണെന്ന സിഎംആർഎല്ലിന്റെ വാദവും നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.