ഗൾഫ് മേഖലയിൽ വേനൽച്ചൂട് അതികഠിനമായി തുടരുന്ന സാഹചര്യത്തിൽ, നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ അപകടകരമായ വസ്തുക്കൾ സൂക്ഷിക്കുന്നതിനെതിരെ ഒമാൻ അധികൃതർ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി. വാഹനത്തിനുള്ളിലെ ഉയർന്ന താപനില തീപിടുത്തത്തിനും മറ്റ് അപകടങ്ങൾക്കും കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഖോള ആശുപത്രി അധികൃതർ നിർദ്ദേശിക്കുന്നു. പവർ ബാങ്കുകൾ, ലൈറ്ററുകൾ, പെർഫ്യൂമുകൾ, കണ്ണടകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയവ ദീർഘനേരം ചൂടിൽ വെക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കും.
ഇത്തരം വസ്തുക്കൾ നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുമ്പോൾ പൊട്ടിത്തെറിക്കാനോ തീപിടിക്കാനോ സാധ്യതയുണ്ട്. അതിനാൽ, യാത്ര പുറപ്പെടുന്നതിന് മുൻപ് വാഹനം കൃത്യമായി പരിശോധിക്കണമെന്നും, വാഹനങ്ങളെ അപകടം ക്ഷണിച്ചുവരുത്തുന്ന കേന്ദ്രങ്ങളായി മാറ്റരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വാഹനങ്ങളുടെ സുരക്ഷയും യാത്രക്കാരുടെ ജീവനും സംരക്ഷിക്കുന്നതിനായി ഈ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
