Your Image Description Your Image Description

ബിരുദാനന്തര ബിരുദ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന്. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനായി നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ആഗസ്റ്റ് മൂന്നിലേക്ക് പരീക്ഷ മാറ്റാന്‍ അനുവദിക്കണമെന്ന നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ (എൻ.ബി.ഇ) അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു.

ആഗസ്റ്റ് മൂന്നിന് ഒറ്റ ഷിഫ്റ്റായി പരീക്ഷ നടക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12.30 വരെയാണ് പരീ‍ക്ഷ സമയം. ഏകീകൃത സ്വഭാവവും നീതിയും ഉറപ്പാക്കുന്നതിനായി പരീക്ഷ പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. രാജ്യവ്യാപകമായി 2.42 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഒറ്റ ഷിഫ്റ്റ് പരീക്ഷ സംഘടിപ്പിക്കുന്നതിൽ ലോജിസ്റ്റിക് പരിമിതികൾ ഉണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

മേയ് 30ന് സുപ്രീം കോടതി സിംഗ്ൾ-ഷിഫ്റ്റ് പരീക്ഷയുടെ സാധ്യതകൾ പരിശോധിക്കണമെന്ന നിർദ്ദേശത്തെത്തുടർന്ന് സാങ്കേതിക പങ്കാളിയായ ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടി.സി.എസ്) ഉടൻ ബന്ധപ്പെട്ടതായി ബോർഡ് വിശദീകരിച്ചു. ആവശ്യമായ അടിസ്ഥാന സൗകര്യ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പരിമിതമായ സമയം പര്യാപ്തമല്ലെന്ന് വ്യക്തമാക്കി ടി.സി.എസ് അതേ ദിവസം തന്നെ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *