Your Image Description Your Image Description

സോഷ്യൽ മീഡിയ ലിപ് സിങ്ക് താരവും മലയാളികളുടെ ‘ഉണ്ണിയേട്ടനു’മായ ടാന്‍സാനിയക്കാരന്‍ കിലി പോള്‍ ഏവർക്കും പ്രിയങ്കരനാണ്. കഴിഞ്ഞ ദിവസമാണ് കിലി കേരളത്തിലേക്ക് ആദ്യമായെത്തിയത്. കിലി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയായ ഇന്നസെന്റിന്റെ ടൈറ്റില്‍ ലോഞ്ച്ചടങ്ങിനാണ് താരം എത്തിയത്. സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് മലയാളികളുടെ പ്രിയങ്കരനായ കിലിയെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ കേരള ബിരിയാണി ആസ്വദിച്ചു കഴിക്കുന്ന കിലി പോളിന്റെ വീഡിയോയാണ് ട്രെൻഡാവുന്നത്.

‘ഇന്ത്യയിലുള്ളപ്പോള്‍ വീട്ടിലുള്ളതുപോലെ, ഇന്ത്യയോടും കേരളത്തോടും നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് കിലി പോൾ തന്നെ ഈ വീഡിയോ പങ്കുവെച്ചത്. രണ്ട് കോടിയിലധികം പേര്‍ കണ്ട വീഡിയോയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് കമന്റുകളുമായിയെത്തിയത്. കൊച്ചി മാരിയറ്റിലെ റസ്റ്ററന്റ് ജീവനക്കാരന്‍ തനിക്ക് ബിരിയാണി വിളമ്പുന്ന വീഡിയോ ആണ് കിലി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. അരികിലുള്ള പാത്രത്തില്‍ ചിപ്‌സും മറ്റ് വിഭവങ്ങളും കാണാം.

മലയാളം ഗാനങ്ങള്‍ക്ക് ലിപ്സിങ്ക് ചെയ്തും നൃത്തം ചെയ്തുമെല്ലാം കേരളത്തിന് സുപരിചിതനായ കിലി പോള്‍ ‘ഇന്നസെന്റ്’ എന്ന മലയാളം ചിത്രത്തില്‍ അഭിനയിക്കാനാണ് കേരളത്തിലെത്തിയത്. കിലി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് ഇന്നസെന്റ്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളില്‍ നടന്നിരുന്നു. പരിപാടിയില്‍ കിലി പോള്‍ സംസാരിച്ചതിലെ രസകരമായ ചില ഭാഗങ്ങള്‍ വൈറലായിരുന്നു. മലയാളികളുടെ സ്നേഹത്തിന് നന്ദിയറിയിച്ച കിലി പോൾ തനിക്ക് മലയാളി പെൺകുട്ടിയെ വിവാഹം ചെയ്ത് കേരളത്തിൽ സ്ഥിര താമസമാക്കാനുള്ള ആഗ്രഹവും അറിയിച്ചിരുന്നു. കൈയടികളോടെയാണ് കിലി പോളിന്റെ ഈ പ്രഖ്യാപനത്തെ ആരാധകർ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *