Your Image Description Your Image Description

കൊച്ചി: ട്രോളിംഗ് നിരോധനത്തിനു പത്തുദിവസം മുന്നേ മീൻ കിട്ടാതെ വിഷമിക്കുകയാണ് മലയാളി. ശക്തമായ മഴയും മത്സ്യ ലഭ്യതയുടെ കുറവും വില കുതിച്ചുയരുന്നതിനു കാരണമായി. കൊച്ചിയില്‍ കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് രാസവസ്തുക്കള്‍ ജലത്തില്‍ കലര്‍ന്നെന്ന ആശങ്കയും ഇതിനിടെ ഉണ്ടായി. മഴയില്‍ കായല്‍, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. ഒന്‍പത് മുതലാണ് ട്രോളിംഗ് നിരോധനം തുടങ്ങുക. ഇതര സംസ്ഥാന മീന്‍ വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടി. അയലയും മത്തിയും പേരിന് മാത്രം. മറ്റു മീനുകളുടെ കൂട്ടത്തില്‍ വല്ലപ്പോഴുമാണ് കിട്ടുന്നത്.

സാധാരണക്കാരുടെ ഇഷ്ട മീനായ മത്തിക്കിപ്പോള്‍ തീപിടിച്ച വിലയാണ്. മുന്നൂറില്‍ തുടങ്ങി 350 രൂപ വരെയെത്തി വില. ചിലയിടങ്ങളില്‍ അതിലും കൂടുതലുണ്ട്. കേരളതീരത്തുനിന്ന് കിട്ടുന്ന മത്തിക്ക് വലുപ്പമില്ലാത്തതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാന്‍ പ്രധാന കാരണം. കഴിഞ്ഞ ഏഴു മാസമായി കേരളതീരത്ത് ലഭിക്കുന്നത് വളരെ ചെറിയ മത്തിയാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വലിയ മത്തി എത്തുന്നുണ്ടെങ്കിലും തീപിടിച്ച വിലയാണ്.

നെയ്മീന്‍, ആവോലി തുടങ്ങിയവയ്ക്ക് ആയിരം രൂപയ്ക്ക് അടുത്തായി വില. കേര, ചൂര, ചെമ്മീന്‍ തുടങ്ങിയവയുടെ വിലയും ഉയര്‍ന്നു. വലുപ്പത്തിനും ലഭ്യതയ്ക്കും അനുസരിച്ച് മീന്‍ വില തോന്നുംപോലെയാണ്. കഴിഞ്ഞ വര്‍ഷം മഴക്കാലത്തിന് മുമ്പ് 50 ശതമാനം കൂടുതല്‍ മത്സ്യലഭ്യത ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നന്നേ കുറഞ്ഞു. നേരത്തേ മീനുകള്‍ക്ക് വില കുറഞ്ഞപ്പോള്‍ സ്റ്റോക്ക് ചെയ്തവയാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ജില്ലയിലെ എല്ലാ ഹാര്‍ബറുകളിലും ഏറെക്കുറെ മത്സ്യബന്ധനം നിലച്ച മട്ടാണ്.

കൊല്ലത്ത് ചരക്കുകപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും മത്സ്യമേഖലയെ ബാധിച്ചു. മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നത് മാരകമായ രാസപദാര്‍ത്ഥങ്ങളാണെന്നും മത്സ്യം കഴിക്കരുതെന്നുമാണ് പ്രചാരണം. ഇത്തരം പ്രചരണങ്ങള്‍ വില്‍പനയെ സാരമായി ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ചരക്കുകപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts