Your Image Description Your Image Description

കാലവർഷം എത്തിയതോടെ തോരാ പെയ്ത്താണ്. മഴക്കാലത്ത് ചെടികൾ പരിചരിക്കുന്നത് ഭൂരിഭാഗം പേർക്കും പ്രയാസമുള്ള കാര്യമാണ്. എന്നാൽ, പുതിയ ചെടികള്‍ വെച്ചു പിടിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം. ചെടികളില്‍ വേഗത്തില്‍ വേരുകള്‍ പിടിക്കാന്‍ മഴ സഹായിക്കും. വീടിനുള്ളിലെ വായുവില്‍ അധികമായുള്ള ജലാംശത്തെ വലിച്ചെടുത്ത് സുഖകരമായ അന്തരീക്ഷമൊരുക്കാന്‍ ഇന്‍ഡോര്‍ പ്ലാന്റുകളും സഹായിക്കുന്നുണ്ട്. അതേസമയം, ചെടികള്‍ക്ക് കൂടുതല്‍ പരിചരണം ആവശ്യമുള്ള സമയം കൂടിയാണ് മഴക്കാലം. ഇന്‍ഡോര്‍ പ്ലാന്റുകള്‍ വീട്ടിലുണ്ടെങ്കില്‍ അവ ഇരിക്കുന്ന മുറിയില്‍ ശരിയായ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പുവരുത്തണം.

മുറിക്കുള്ളിലെ താപനില ശരിയായ വണ്ണം ക്രമീകരിക്കുന്നതിന് ഇത് അത്യാവശ്യമാണ്.
വെള്ളം ഒഴിച്ചു കൊടുക്കുന്നത് മുതല്‍ വളം നല്‍കുന്നത് വരെ ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ ഏറെയാണ്. മഴക്കാലത്ത് ചെടികള്‍ പരിചരിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അന്തരീക്ഷത്തില്‍ ജലാംശം കൂടുതലുള്ള സമയമാണ് മഴക്കാലം. കൂടാതെ, താപനില കുറവായതിനാല്‍ ഒരിക്കല്‍ വെള്ളം നനച്ചു കൊടുത്താല്‍ അത് ചട്ടിയില്‍ നിന്ന് മുഴുവനായി തീര്‍ന്നുപോകാനും സമയമെടുക്കും. അതിനാല്‍, ചെടികള്‍ക്ക് കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൂടാതെ ശ്രദ്ധിക്കണം. അധികം വെള്ളം ഒഴിക്കുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടാന്‍ ഇടയാക്കും. ഇത് ചെടികള്‍ വേഗത്തില്‍ നഷ്ടപ്പെടാന്‍ കാരണമാകും.

കൂടാതെ, ചെടിചട്ടികള്‍ക്ക് ആവശ്യത്തിന് ഡ്രൈയ്‌നേജ് സംവിധാനം ആവശ്യമാണ്. ചെടിച്ചട്ടികളില്‍ അധികമുള്ള വെള്ളം പുറത്തേക്ക് കളയുന്നതിന് അടിയില്‍ ആവശ്യത്തിന് ഡ്രൈയ്‌നേജ് സംവിധാനമുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ വെള്ളം ചട്ടിക്കുള്ളില്‍ കെട്ടി നിന്ന് വേരുകള്‍ ചീഞ്ഞ് പോകാനും ഫംഗസ്, ബാക്ടീരിയ മുതലായവ പെരുകാനും ഇടയാക്കും.
കൂടാതെ, ചെടികള്‍ക്ക് രോഗങ്ങള്‍ വരാന്‍ ഏറെ സാധ്യതയുള്ള സമയമാണ് മഴക്കാലം. ഇലകള്‍ ചുരുണ്ട് പോകുക, ഇലകളില്‍ പാടുകള്‍, തണ്ട് ചീയുക തുടങ്ങിയ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളാണ്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം മരുന്ന് നല്‍കാം. എല്ലെങ്കില്‍ മറ്റ് ചെടികളെക്കൂടി ബാധിക്കാന്‍ ഇടയുണ്ട്.

മഴയെ പ്രതിരോധിക്കുന്ന നിങ്ങളുടെ ചെടികളുടെ വിജയം ഉറപ്പാക്കാൻ, അവയ്ക്ക് ശരിയായ നടീൽ സാഹചര്യങ്ങളും തുടർച്ചയായ പരിചരണവും നൽകുക എന്നത് തന്നെയാണ് പ്രധാനം. നീർവാർച്ച മെച്ചപ്പെടുത്തുന്നതിനും അയഞ്ഞതും നന്നായി വായുസഞ്ചാരമുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജൈവവസ്തുക്കൾ ചേർത്ത് മണ്ണ് തയ്യാറാക്കുക. ചെടികൾക്ക് ചുറ്റും പുതയിടുന്നത് കളകളെ നിയന്ത്രിക്കുന്നതിനൊപ്പം ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. രോഗങ്ങളുടെയോ കീടങ്ങളുടെയോ ലക്ഷണങ്ങൾക്കായി നിങ്ങളുടെ ചെടികളെ പതിവായി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ഉടനടി നടപടിയെടുക്കുകയും ചെയ്യുക. ആവശ്യാനുസരണം ചെടികൾ വെട്ടിമാറ്റുന്നതും പൂവിടുന്നതിനു കൂടുതൽ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *