Your Image Description Your Image Description

കണ്ണൂർ: കേരളത്തിൽ ഒരു സംരംഭവും വിജയിക്കില്ലെന്ന് പരാതി പറയുന്നവർ ഏറെയാണ്. അവർ അറിഞ്ഞിരിക്കേണ്ട ഒരുസംഘം ചെറുപ്പക്കാരാണ് കണ്ണൂർ മാടായിപ്പാറയിലെ നാലം​ഗ സംഘം. നിവേദ്, ഷംസീർ, ഷാദ്, യാസീൻ എന്നിവർ ചേർന്ന് നടത്തുന്ന ചായക്കടയിലെ പ്രതിദിന വരുമാനം ഇരുപതിനായിരം രൂപയാണ്. ഇവരുടെ ‘ചായ്സ് വീൽ ബാർ’ചായ്സ് വീൽ ബാർ” നാട്ടിൽ തരം​ഗമാണ്, ചായപ്രേമികൾക്ക് വിവിധ തരം ചായകൾ ഇവിടെ നിന്നും ലഭിക്കും.

2025ൽ പഠനം പൂർത്തിയാക്കി മാടായി കോളേജിൽ നിന്നിറങ്ങിയ നിവേദ്, ഷംസീർ, ഷാദ് (ബി.ബി.എ), യാസീൻ (ഹിസ്റ്ററി) എന്നിവരാണ് ഉടമകൾ. മാടായി കോളേജിൽ ബിരുദപഠനത്തിനിടെ നാലു സുഹൃത്തുക്കൾ പങ്കിട്ട ആശയമാണ് ചായ്സ് വീൽ ബാർ” എന്ന പേരിൽ യാഥാർത്ഥ്യമായത്.
ചെമ്പരത്തി, ബട്ടർ സ്‌കോച്ച്, തേൻ, ശംഖുപുഷ്പം, ഇന്ത്യൻ മസാല, പൈനാപ്പിൾ, ലാവണ്ടർ തുടങ്ങി മുപ്പതിലധികം രുചികളിലാണ് ഇവർ ഇവിടെ ചായ ഒരുക്കുന്നത്. 15 രൂപ മുതൽ 50 രൂപ വരെയുള്ള ചായ ഇവർ തയ്യാറാക്കി വിൽക്കുന്നുണ്ട്.

വടക്കേ മലബാറിന്റെ പ്രത്യേകതയുള്ള കല്ലുമ്മക്കായ നിറച്ചതുൾപ്പെടെ പലഹാരങ്ങളും ലഭിക്കും. ഉച്ചയ്‌ക്ക് മൂന്നുമുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം. ഓട്ടോറിക്ഷ – പച്ചക്കറിക്കട തൊഴിലാളിയുടെയും നിർമ്മാണ തൊഴിലാളിയുമൊക്കെ മക്കളാണ് നാലുപേരും.കടയിലെ തൊഴിലാളികളും ഇവരുടെ സുഹൃത്തുക്കളാണ്. കഴിഞ്ഞ മാർച്ചിലാണ് കട തുടങ്ങിയത്. കോളേജ് പ്രിൻസിപ്പൽ എം.വി. ജോണിയായിരുന്നു ഉദ്ഘാടകൻ. കാമ്പസിലെ വിദ്യാർത്ഥികളാണ് കടയ്ക്ക് പേരിട്ടത്.

രണ്ടാംവർഷ ബിരുദപഠന കാലത്താണ് വരുമാനം കണ്ടെത്താനുള്ള ആലോചന തുടങ്ങിയത്. നോമ്പ് തുറന്ന് ചായകുടിച്ചാലോ എന്ന ചോദ്യത്തിൽ നിന്നാണ് അതിലെ സാദ്ധ്യത അവർ ആഴത്തിൽ പരിശോധിച്ചത്. അന്നു മുതൽ ക്ളാസ് കഴിഞ്ഞയുടൻ വ്യത്യസ്ത രുചികളുള്ള ചായ തേടി കണ്ണൂരിലെ പല ഭാഗത്തും ബൈക്കിൽ സഞ്ചരിച്ചു. ഡിസൈൻ ചെയ്ത ഉന്തുവണ്ടിയും പഴയ ടയറും ചേർത്തുള്ള അലങ്കാരങ്ങളുടെയടക്കം കടയുടെ ഡിസൈനും ഈ നാല് സുഹൃത്തുക്കളാണ് തയ്യാറാക്കിയത്. നാലു പേരും കടയിൽ സജീവമാണ്. ഇതിനിടയിൽ ഉപരിപഠനത്തിനുള്ള ഒരുക്കവും നടക്കുന്നുണ്ട്. പല തരം രുചികളുള്ള ചായയെ തങ്ങളുടെ ബ്രാൻഡാക്കണമെന്നാണ് സംഘത്തിന്റെ ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts