Your Image Description Your Image Description

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 83 റണ്‍സിന് വീഴ്ത്തിയാണ് ധോണിപ്പട സീസണ്‍ ഫിനിഷ് ചെയ്തത്. ചെന്നൈ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 18.3 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

മികച്ച ഫോമിലുള്ള നായകന്‍ ശുഭ്മാന്‍ ഗില്‍ 13 റണ്‍സിന് പുറത്തായി. പിന്നാലെയെത്തിയ ജോസ് ബട്‌ലറും (5) ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡും (0)നിരാശപ്പെടുത്തി. ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ മുന്നിലുള്ള സായ് സുദര്‍ശനും ഷാറൂഖ് ഖാനും ഗുജറാത്തിന്റെ ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോയി. 15 പന്തില്‍ 19 റണ്‍സ് നേടിയ ഷാറൂഖ് ഖാനെയും 28 പന്തില്‍ 41 റണ്‍സ് നേടിയ സായ് സുദര്‍ശനെയും ജഡേജ ഒരേ ഓവറില്‍ തന്നെ മടക്കിയയച്ചതോടെ ഗുജറാത്ത് അപകടം മണത്തു.

85ന് 6 എന്ന നിലയില്‍ തകര്‍ന്ന ഗുജറാത്തിനെ മുന്നോട്ട് കൊണ്ടുപോകാന്‍ രാഹുല്‍ തെവാതിയയും റാഷിദ് ഖാനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 12 റണ്‍സ് നേടിയ റാഷിദ് ഖാനെ നൂര്‍ അഹമ്മദ് പുറതത്താക്കി. പിന്നാലെ ജെറാഡ് കോട്‌സിയയുടെ കുറ്റി പിഴുത് മതീശ പതിരണ ചെന്നൈയ്ക്ക് വിജയത്തിലേയ്ക്കുള്ള വഴി എളുപ്പമാക്കി മാറ്റി. 16-ാം ഓവറില്‍ രാഹുല്‍ തെവാതിയയെ (14) നൂര്‍ അഹമ്മദ് മടക്കിയയച്ചതോടെ ഗുജറാത്തിന്റെ പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചു. അവസാന ഓവറുകളില്‍ അര്‍ഷാദ് ഖാന്‍ മൂന്ന് സിക്‌സറുകള്‍ നേടിയതൊഴിച്ചാല്‍ പിന്നീട് വന്നവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അര്‍ഷാദ് ഖാനെ നൂര്‍ അഹമ്മദും സായ് കിഷോറിനെ അന്‍ഷുല്‍ കാംബോജും പുറത്താക്കിയതോടെ ഗുജറാത്തിന്റെ പോരാട്ടം 147 റണ്‍സില്‍ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *