Your Image Description Your Image Description

ഡൽഹി: പ്രാദേശിക പാർട്ടികളെ ചേർത്തുനിർത്താതെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും നിയമസഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കു നേരിട്ട് തോൽവിയേറ്റുവാങ്ങിയതിന് കമൽനാഥ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഘേൽ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു.

പ്രാദേശിക പാർട്ടികളെ കൂടെ നിർത്താതെ ബി.ജെ.പിക്കെതിരായ പോരാട്ടം സാധ്യമല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ നേതാക്കളെ രാഹുൽ ഓർമിപ്പിച്ചു. കോൺഗ്രസിനെപോലെ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന സമാന പാർട്ടികളുമായി എന്തുകൊണ്ട് ധാരണയുണ്ടാക്കിയില്ല എന്ന് രാഹുൽ ചോദിച്ചു. അതിരു കടന്ന ആത്മവിശ്വാസത്തിൽ മുന്നോട്ടുപോയി മധ്യപ്രദേശിൽ കോൺഗ്രസിനെ ദയനീയ പരാജയത്തിലേക്ക് നയിച്ച കമൽനാഥിന്റെ നടപടിയെ രാഹുൽ വിമർശിച്ചു.

തോൽവിയുടെ പാഠമുൾക്കൊണ്ട് ചെറുപാർട്ടികളുമായി സീറ്റ് ധാരണക്ക് കോൺഗ്രസ് ശ്രമിക്കണം. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഓരോ വോട്ടും നിർണായകമാണെന്നും അതുൾക്കൊണ്ട് വേണം മറ്റുള്ളവരുമായി സീറ്റുധാരണയിലെത്താനെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഹിന്ദി സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രചാരണരംഗത്ത് പരാജയമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ തെലങ്കാനയിൽ ശക്തമായ പ്രചാരണം നടത്തിയപ്പോൾ ഒരു വർഷം കൊണ്ട് കോൺഗ്രസ് മൂന്നാംസ്ഥാനത്തുനിന്ന് ഭരണത്തിലെത്തി.

ബി.ജെ.പിയുടെ സംഘടനാ ശക്തിയാണ് മൂന്നിടങ്ങളിലും അവർക്ക് വിജയം സമ്മാനിച്ചതെന്ന ചില കോൺഗ്രസ് നേതാക്കളുടെ വാദത്തെ രാഹുൽ ഖണ്ഡിച്ചു. ബി.ജെ.പിയെ തോൽപിക്കാൻ കഴിയില്ലെന്ന് തോന്നിയ ഘട്ടത്തിലാണ് 2018ൽ മൂന്ന് സംസ്ഥാനങ്ങളും കോൺഗ്രസ് പിടിച്ചതെന്ന് അദ്ദേഹം ഓർമപ്പെടുത്തി. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും നേരിടാൻ പ്രതിപക്ഷ ഐക്യംകൊണ്ടേ സാധ്യമാകൂ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രവർത്തക സമിതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *