Your Image Description Your Image Description

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. ഭൂമിയുടെയും സൂര്യന്‍റെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയന്‍റിലാണ് പേടകം എത്തിച്ചേരുക. പേടകം ലഗ്രാഞ്ച് പോയന്‍റിൽ എത്തുന്നതിന്‍റെ കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും സോമനാഥ് വ്യക്തമാക്കി.

ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക. ഇതിനായി ആദിത്യയിലെ എൻജിൻ ജ്വലിപ്പിച്ച് പേടകം മുന്നോട്ട് പോകാതെ ലഗ്രാഞ്ച് പോയന്‍റിൽ എത്തിക്കും. ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ ഉപയോഗപ്രദമായ വിലപ്പെട്ട വിവരങ്ങൾ ആദിത്യ എൽ1 ശേഖരിക്കും.

സൂര്യന്‍റെ ചലനാത്മകതയെ കുറിച്ചും അത് മനുഷ്യ ജീവിതത്തെ ഏത് വിധത്തിൽ ബാധിക്കുന്നുവെന്നും മനസിലാക്കാൻ ഈ വിവരങ്ങൾ ഉപയോഗപ്പെടുമെന്നും എസ്. സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബർ രണ്ടിനാണ് സൂര്യ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്.

ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്‍റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട പ്രധാന ദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *