Your Image Description Your Image Description

മുംബൈ: അടുത്ത മാസത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്കാണ് സെലക്ഷന്‍ കമ്മിറ്റി യോഗം തുടങ്ങുക. ഒന്നരയോടെ ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ആദ്യ പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പുതിയ നായകന്‍ ആരെന്നറിയാണ്. ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എല്‍ രാഹുലും ടീമില്‍ ഉണ്ടെങ്കിലും, ഭാവിലക്ഷ്യമിട്ട് യുവതാരമായ ഗില്ലിന് ചുമതല നല്‍കാനാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ടര്‍മാരുടെ തീരുമാനം. ആരോഗ്യ കാരണങ്ങളാല്‍ എല്ലാ മത്സരങ്ങളിലും കളിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ബുമ്ര സെലക്ടര്‍മാരെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റിഷഭ് പന്തിന് വൈസ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം കിട്ടും.

കോലിക്ക് പകരം പരിഗണിക്കുന്നത് തകര്‍പ്പന്‍ ഫോമിലുളള സായ് സുദര്‍ശനെയും കരുണ്‍ നായരേയും. കരുണ്‍ നായര്‍ ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍ചൊരിഞ്ഞപ്പോള്‍ ഐപിഎല്ലില്‍ തകര്‍ത്തടിക്കുകയാണ് ഇടംകൈയനായ സായ് സുദര്‍ശന്‍. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ പരിചയവും സായ് സുദര്‍ശന് മുതല്‍ക്കൂട്ടാവും. ശ്രേയസ് അയ്യരേയും ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാത്ത ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെയും പരിഗണിച്ചേക്കില്ല. ബുമ്രയ്ക്കൊപ്പം പേസര്‍മാരായി പരിഗണിക്കുന്നത് മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവരെ.

കുല്‍ദീപ് യാദവിനെ ഏക സ്പിന്നറായും രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ ഓള്‍റൗണ്ടര്‍മാരായും പരിഗണിക്കുന്നു. ധ്രുവ് ജുറലായിരിക്കും രണ്ടാം വിക്കറ്റ് കീപ്പര്‍. ജൂണ്‍ ആറിനാണ് ഇന്ത്യന്‍ ടീം അഞ്ച് ടെസ്റ്റുകളുടെ പരന്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക. ലീഡ്സില്‍ ജൂണ്‍ ഇരുപതിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക.

Leave a Reply

Your email address will not be published. Required fields are marked *