Your Image Description Your Image Description

ഏഴാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. കെഎന്‍ ഹരിലാല്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആസൂത്രണസമിതി അംഗങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനാണ് ധനകാര്യ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. ആസൂത്രണ സമിതി ചെയര്‍പേഴ്സനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ആമുഖമവതരിപ്പിച്ചു. എല്ലാ ജില്ലകളിലും ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഇത്തരത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. വാര്‍ഷിക പദ്ധതി നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. ട്രഷറി നിയന്ത്രണമടക്കമുള്ളവ പദ്ധതി നടത്തിപ്പുകളെ ബാധിക്കുന്നുണ്ട്. ഇവയില്‍ പ്രായോഗിക നടപടികള്‍ ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നിര്‍വഹണ ഉദ്യോഗസ്ഥരുടെ അഭാവമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ അത് നികത്തണം. ടൂറിസം, കൃഷി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ആവശ്യപ്പെട്ടു. യോഗത്തിലെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ആസൂത്രണ സമിതി അംഗങ്ങളായ ശ്രീദേവി പ്രാകുന്ന്, സമീറ പുളിക്കല്‍, ഷഹര്‍ബാന്‍, സുഭദ്ര ശിവദാസന്‍, റൈഹാനത്ത് കുറുമാടന്‍, ധനകാര്യ കമ്മീഷന്‍ സെക്രട്ടറി പി അനില്‍പ്രസാദ്, പ്ലാനിങ് ഓഫീസര്‍ എം.ഡി ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *