Your Image Description Your Image Description

ഓല റോഡ്സ്റ്റർ എക്സ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഡെലിവറികൾ 2025 മെയ് 23 ന് ആരംഭിക്കും. പ്രഖ്യാപനവുമായി ബ്രാൻഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. 2025 ഫെബ്രുവരിയിലാണ് ഓല റോഡ്സ്റ്റർ എക്സ് ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇവിയുടെ ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഡെലിവറി ഉടൻ ആരംഭിക്കാനുള്ള പദ്ധതിയിട്ടിരുന്നെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ പദ്ധതികൾ വൈകുകയായിരുന്നു.

ബ്രാൻഡിന്റെ ഇലക്ട്രിക് സ്‍കൂട്ടറിൽ നിന്ന് വ്യത്യസ്‍തമായി, ഘട്ടം ഘട്ടമായാണ് ഓല റോഡ്സ്റ്റർ എക്സിന്റെ ഡെലിവറികൾ രാജ്യത്ത് നടക്കുക. പ്രാരംഭ ഘട്ടത്തിൽ, ബെംഗളൂരുവിലെ ഉപഭോക്താക്കൾക്ക് ബൈക്ക് ലഭ്യമാകും, തുടർന്ന് രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും ഇത് ലഭ്യമാകും. പ്രാരംഭ ബാച്ചിൽ വരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് കമ്പനിക്ക് അവസരം നൽകുന്നു.

ഓല റോഡ്സ്റ്റർ എക്സ് രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. അവ X, X+ എന്നിവയാണ്. X ട്രിം 2.5 kWh, 3.5 kWh, 4.5 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ട്രിമ്മിന് പരമാവധി വേഗത മണിക്കൂറിൽ 118 കിലോമീറ്റർ വരെ എത്താനും വെറും 3.1 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും കഴിയും. കൂടാതെ, ഏറ്റവും വലിയ ബാറ്ററി പായ്ക്ക് ഓപ്ഷൻ ഒറ്റ ചാർജിൽ 252 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് അവകാശപ്പെടുന്നു.

ഹൈ-എൻഡ് X+ വേരിയന്‍റിനെ സംബന്ധിച്ചിടത്തോളം, ഇത് 4.5 kWh ബാറ്ററിയും 9.1 kWh ബാറ്ററി പായ്ക്കും തിരഞ്ഞെടുക്കാം. ഓല റോഡ്സ്റ്റർ X+ മണിക്കൂറിൽ 125 കിലോമീറ്റർ വേഗത കൈവരിക്കുന്നു, കൂടാതെ 2.7 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാധിക്കും. ചെറിയ ബാറ്ററി ഓപ്ഷൻ 252 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വലിയ ബാറ്ററി ഓപ്ഷൻ ഒറ്റ ചാർജിൽ 501 കിലോമീറ്റർ സഞ്ചരിക്കും. ഓല റോഡ്സ്റ്റർ എക്സ് 99,999 രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. അതേസമയം, റോഡ്സ്റ്റർ എക്സ് പ്ലസിന് 1.29 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *