Your Image Description Your Image Description

എല്ലാ മേഖലയും സ്പര്‍ശിക്കുന്ന വികസനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ജില്ലയില്‍ നടത്തുന്നതെന്ന് മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. മധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച സ്റ്റേഡിയം ഉള്‍പ്പെടെ പത്തനംതിട്ടയിലെ വികസനം ചൂണ്ടികാട്ടിയാണ് മന്ത്രിയുടെ പ്രസ്താവന. ഫിഷറീസ് വകുപ്പ് കുമ്പഴയില്‍ നിര്‍മിക്കുന്ന മല്‍സ്യമാര്‍ക്കറ്റിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുമ്പഴയുടെ ചിരകാല സ്വപ്നമാണ് മല്‍സ്യമാര്‍ക്കറ്റിലൂടെ പൂവണിയുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ മാര്‍ക്കറ്റിന്റെ ശിലാഫലകം അനാച്ഛാദനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായിരുന്നു സംസ്ഥാനത്തെ മാര്‍ക്കറ്റുകളുടെ വികസനം. തദ്ദേശ സ്ഥാപനം കൈമാറുന്ന കെട്ടിടം ഏറ്റെടുത്ത് മല്‍സ്യമാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ നവീകരിക്കലാണ് ലക്ഷ്യം. സാങ്കേതിക തടസം മൂലം തുടക്കത്തില്‍ മന്ദഗതിയിലായ കുമ്പഴയിലെ പദ്ധതി പുതിയ ഭരണ സമിതി നഗരസഭയില്‍ അധികാരമേറ്റതോടെ ജീവന്‍ വച്ചു. കിഫ്ബി ധനസഹായത്തോടെ 2.27 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. എട്ടുമാസത്തിനകം മാര്‍ക്കറ്റ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് മത്സ്യ മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. 369.05 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഇരുനില കെട്ടിടത്തില്‍ 14 മത്സ്യ വില്‍പ്പന സ്റ്റാള്‍, എട്ട് കടമുറി, ഓഫീസ് മുറി, ഫ്രീസര്‍ സൗകര്യം, ശുചിമുറികള്‍ എന്നിവയുണ്ടാകും. രാജ്യത്തെ മികച്ച മാര്‍ക്കറ്റുകളാണ് സംസ്ഥാനത്ത് തയ്യാറാകുന്നത്. ആലുവയിലും കോഴിക്കോടും 110 കോടി രൂപ ചെലവിലാണ് മാര്‍ക്കറ്റ് നവീകരണമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

ജില്ലയിലെ വികസനത്തിന്റെ നേര്‍ക്കാഴ്ചയാകും കുമ്പഴ മത്സ്യമാര്‍ക്കറ്റെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  ശുചിത്വമുള്ള പശ്ചാത്തലത്തില്‍ ഗുണമേന്മയുള്ള മത്സ്യം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
മലയോര ഹൈവേ അടക്കം വലിയ തോതിലുള്ള വികസനമാണ് ജില്ലയിലുള്ളത്. നവംബറില്‍ സ്റ്റേഡിയം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കോടതി സമുച്ചയം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷര്‍, അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *