Your Image Description Your Image Description

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യൂണിസെഫും സംയുക്തമായി ‘കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ- സാമൂഹ്യ ബോധനത്തിൽ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകരുമായി കൂടിയാലോചനായോഗം സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.

എല്ലാ മേഖലയിലും കുട്ടികളെ സംരക്ഷിക്കണമെന്ന് നിയമം പറയുന്നുണ്ടെങ്കിലും പലപ്പോഴും അത് ശരിയായ രീതിയിൽ നടക്കുന്നില്ല എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കെ വി മനോജ് കുമാർ പറഞ്ഞു. സാംക്രമികേതര രോഗങ്ങളുടെ കാര്യത്തിൽ കുട്ടികൾ പലപ്പോഴും അവഗണിക്കപ്പെടുയാണ്.

സംക്രമികേതര രോഗങ്ങളായ ടൈപ്പ്- 1 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം അടിയന്തര ശ്രദ്ധ നൽകേണ്ട വിഷയങ്ങളാണ്. ഇതിനെല്ലാം നിരവധി പദ്ധതികൾ സർക്കാർതലത്തിൽ നടപ്പിലാക്കി വരുന്നുണ്ട്. എസ് എസ് കെ പദ്ധതികളിലൂടെ ആവശ്യമായ പിന്തുണ നൽകുന്നതിനായി ഫിസിയോതെറാപ്പി ഉൾപ്പെടെ കുട്ടികൾക്കായി നൽകുന്നുണ്ട്.

പ്രയാസകരമായ അന്തരീക്ഷത്തിലൂടെയാണ് ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കൾ കടന്നുപോകുന്നത്. റോഡ്, പരിസ്ഥിതി, ജോലി തുടങ്ങിയ എല്ലാ മേഖലകളിലും ഭിന്നശേഷി വിഭാഗത്തിൽപെട്ടവരെ വേർതിരിച്ചു കാണാൻ പാടില്ലായെന്ന് നിയമമുണ്ട്. ഇവർക്ക് പ്രത്യേകം സഹായങ്ങൾ നൽകണമെന്ന് നിയമമുണ്ട്.

സാംക്രമികേതര രോഗങ്ങൾ കുട്ടികളിൽ കൂടി വരുന്നതായി കാണുന്നുണ്ടെന്നും എന്നാൽ ഇത്തരം കുട്ടികളിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അധ്യാപകർക്ക് ധാരണ കുറവാണ്. ഇത്തരം കുട്ടികളുടെ പ്രത്യേക പരിചരണത്തിന് അധ്യാപകർക്ക് പരിശീലനം നൽകണം. സ്കൂ‌ളുകൾ ഭിന്നശേഷി സൗഹൃദമാകണം.

കുട്ടികളുടെ അവകാശ സംരക്ഷണം പോലെ തന്നെ അതിജീവനവും ആവശ്യമാണ്. കുട്ടികളുടെ അതിജീവന അവകാശവുമായി ബന്ധപ്പെട്ട് സാംക്രമികത രോഗങ്ങളുടെ പ്രതിരോധവും, ആരോഗ്യ സംരക്ഷണവും, പ്രതിരോധ നടപടികളുടെ അനിവാര്യതയും സമൂഹം കൂടുതലായി ചർച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

സാംക്രമികേതര രോഗങ്ങളുടെ മാനസിക-സാമൂഹിക ആഘാതം എന്ന വിഷയത്തിൽ ഡോ. സൗമ്യയും മാനസികാരോഗ്യ പ്രശ്നങ്ങളും സമൂഹത്തിന്റെ ഉത്തരവാദിത്വവും എന്ന വിഷയത്തിൽ കൊല്ലം ഗവ. മെഡിക്കൽ കോളേജ് സൈക്യാട്രി വകുപ്പ് പ്രൊഫസർ ഡോ. മോഹൻ റോയ് എന്നിവർ വിഷയാവതരണം നടത്തി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങളായ ഡോ. വിൽസൺ, റ്റി സി ജലജമോൾ എന്നിവർ മോഡറേറ്ററായി.

കൊച്ചി അബാദ് പ്ലാസയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം ബി. മോഹൻകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങളായ കെ.കെ ഷാജു, സിസിലി ജോസഫ്, എൻ സുനന്ദ, യുണിസെഫ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി, മാധ്യമപ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *