Your Image Description Your Image Description

ന്യൂഡൽഹി: തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യാ – പാക് സംഘർഷത്തിൽ തുർക്കി പാകിസ്ഥാന് നൽകിയ പിന്തുണയെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവവികാസം. രാഷ്ട്രപതി ഭവനിലെ സമയക്രമങ്ങളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ചടങ്ങ് മാറ്റിവച്ചത്. എന്നാൽ, ഇന്ത്യയിൽ തുർക്കി വിരുദ്ധ വികാരം ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട് വലിയ ചർച്ചകൾക്ക് വഴിതുറന്നേക്കും.

അലി മുറാത് എർസോയിയാണ് ഇന്ത്യയിലേക്കുള്ള തുർക്കിയുടെ പുതിയ അംബാസഡറായി നിയമിതനാകേണ്ടത്. സ്ഥാനമേൽക്കുന്നതിന് മുമ്പ് ഇന്ത്യ ഇദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രപതിയുടെ സാന്നിധ്യത്തിലാണ് ആ ചടങ്ങ് നടത്തേണ്ടത്. ഇന്ന് ആ ചടങ്ങ് നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി ഇന്ത്യ ചടങ്ങ് മാറ്റിവച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

വിഷയത്തിൽ തുർക്കി എംബസി പ്രതികരിച്ചിട്ടില്ല. എന്ന് ചടങ്ങ് നടത്തുമെന്നോ എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്നോ ഇന്ത്യ വ്യക്തമാക്കിയിട്ടുമില്ല. മാർച്ചിലാണ് അലി മുറാത് എർസോയി ഇന്ത്യയിലെ അംബാസഡറായി എത്തുന്നത്. എന്നാൽ, ഇന്ത്യ അംഗീകാരം നൽകാത്തിടത്തോളം കാലം ഈ നിയമനത്തിന് പ്രാബല്യമുണ്ടാകില്ല.അതേസമയം, ഇതിനൊപ്പം നടക്കേണ്ടിയിരുന്ന തായ് അംബാസഡറിന്റെയും പുതിയ ബംഗ്ലാദേശ് ഹൈക്കമ്മീഷണറിനെയും അംഗീകരിക്കുന്ന ചടങ്ങും മാറ്റിവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡിലിങ് പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തിയിരുന്ന തുർക്കി ബന്ധമുള്ള കമ്പനിയുടെ സെക്യൂരിറ്റി ക്ലിയറൻസ് റദ്ദാക്കിയത്. തുർക്കിയിലെ ജെലെബി ഏവിയേഷൻ ഹോൾഡിങ്ങിന്റെ ഇന്ത്യയിലെ കമ്പനിയായ ജെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ എന്ന കമ്പനിയുടെ സെക്യൂരിറ്റി ക്ലിയറൻസ് ആണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി റദ്ദാക്കിയത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയുടെ പേരിലാണ് കമ്പനിക്കെതിരെ നടപടിയെടുത്തത്. ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെ ഒമ്പത് വിമാനത്താവളങ്ങളിലാണ് ജെലെബി പ്രവർത്തിച്ചിരുന്നത്.

മുംബൈ വിമാനത്താവളത്തിന്റെ 70 ശതമാനം ഗ്രൗണ്ട് ഓപ്പറേഷൻസും തുർക്കി കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. ജനറൽ ഏവിയേഷൻ സർവീസ്, പാസഞ്ചർ സർവീസ്, കാർഗോ, പോസ്റ്റൽ സർവീസ്, വെയർഹൗസ് ആൻഡ് ബ്രിഡ്ജ് ഓപ്പറേഷൻ തുടങ്ങിയ ഗ്രൗണ്ട് ഓപ്പറേഷൻസുകളെല്ലാം കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. സുരക്ഷാ അനുമതി പിൻവലിച്ചതോടെ ഇവരുടെ പ്രവർത്തനം വിലക്കിയത് ഈ വിമാനത്താവളങ്ങളിൽ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് തുർക്കി രംഗത്ത് വന്നിരുന്നു. ഇതിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടപടി. തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളാണ് പാകിസ്താന് പന്തുണ പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഇന്ത്യക്കാർ റദ്ദാക്കിത്തുടങ്ങിയിട്ടുണ്ട്. തുർക്കി ഉത്പന്നങ്ങൾക്ക് ബഹിഷ്‌കരണ ആഹ്വാനവും രാജ്യത്ത് ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *