കല്‍പറ്റ: വിമര്‍ശനവും സ്വയം വിമര്‍ശനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്താണെന്നും വിമര്‍ശനങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാനാകില്ലെന്നും സിപിഐഎം നേതാവ് എം വി ജയരാജന്‍. സദുദ്ദേശപരമായ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
“കമ്മ്യൂണിസത്തില്‍ വിമര്‍ശനത്തിന് അതീതരായി ആരുമില്ല. നമ്മള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടോ? എന്ന് സ്വയം പരിശോധിക്കണം. പറ്റിയ തെറ്റുകള്‍ തിരുത്തുകയാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വവും,” എന്നാണ് എം വി ജയരാജന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് തോല്‍വിയെ വ്യക്തിപരമായ വിമര്‍ശനമായി കാണുന്നില്ലെന്നും പ്രവര്‍ത്തനങ്ങളിലുണ്ടായ പോരായ്മകളായി തന്നെയാണ് പാര്‍ട്ടി അതിനെ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. “തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്താനുള്ള അവസരമായാണ് ഉയരുന്ന വിമര്‍ശനങ്ങളെ കാണേണ്ടത്,” -എന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐഎം നേതൃത്വത്തിനെതിരെ വിവിധ ജില്ലാ യോഗങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
