Your Image Description Your Image Description

പത്തനംതിട്ട: വനപാലകരുടെ പരാതിയിൽ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറിനെതിരെ പോലീസ് കേസെടുത്തു. കൂടല്‍ പോലീസാണ് എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വനംവകുപ്പ് ഓഫീസിൽ എത്തി ജോലി തടസ്സപ്പെടുത്തി എന്ന് ആരോപിച്ചാണ് പത്തനംതിട്ട കൂടൽ പോലീസ് സ്റ്റേഷനിൽ വനം വകുപ്പിലെ മൂന്ന് ഉദ്യോ​ഗസ്ഥ‍‍ർ പരാതി നൽകിയത്. പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെ കെ യു ജനീഷ് കുമാ‍ർ വനംവകുപ്പ് ഓഫീസിൽ എത്തി മോചിപ്പിച്ചിരുന്നു.

വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഇതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥരോട് എംഎല്‍എ കയർത്ത് സംസാരിച്ചു എന്നുമായിരുന്നു ആക്ഷേപം. ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താൻ ഈ കേസിൽ ഇടപെട്ടത് എന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് കെയു ജനീഷ് കുമാ‍ർ എംഎൽഎയുടെ വാദം.

അതേസമയം, ജനീഷ് കുമാര്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ച് രംഗത്തെത്തി. കാട്ടാന ചെരിഞ്ഞാല്‍ വഴിയേ പോകുന്നവരുടെ പേരില്‍ വനംവകുപ്പ് കേസെടുക്കരുതെന്ന് കൗണ്‍സില്‍ ഓഫ് ചര്‍ച്ച് കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജെസ്സണ്‍ പി വൈ പറഞ്ഞു. ജനങ്ങളെ മറന്ന് ഒരു വകുപ്പിനും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങളുണ്ടാകുന്നത് ജനം പറയുന്ന കാര്യം സര്‍ക്കാര്‍ നടപ്പാക്കാതെ വരുമ്പോഴാണെന്നും ജെസ്സണ്‍ പറഞ്ഞു. ‘കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ പ്രതിയെ കണ്ടുപിടിച്ച് കേസെടുക്കണം. ജനങ്ങളുടെ പ്രശ്‌നം മനസിലാക്കാതെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്ക് പ്രതികരിക്കേണ്ടിവരും. ജനീഷ് കുമാര്‍ എംഎല്‍എ നക്‌സല്‍ എന്ന വാക്ക് പ്രയോഗിച്ചത് തെറ്റായിപ്പോയി’ എന്നും ജെസ്സണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *