Your Image Description Your Image Description

കോഴിക്കോട്: കയറ്റത്തേക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ലോറി പെട്ടെന്ന് പിന്നലേക്ക് നീങ്ങി പിറകേ വന്ന സ്കൂട്ടറിൽ ഇടിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി. കോഴിക്കോട് പെരങ്ങളത്താണ് അപകടം നടന്നത്. പെരിങ്ങളം സ്വദേശി അശ്വതിയാണ് ഇരുചക്രവാഹനം ഓടിച്ചിരുന്നത്. അശ്വതിയുടെ കൈക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. കയറ്റം കയറുന്നതിനിടെ മുന്നില്‍ പോകുകയായിരുന്ന ലോറി പെട്ടെന്ന് പിറകോട്ട് നീങ്ങി യുവതി ഓടിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുചക്രവാഹനത്തില്‍ നിന്ന് യുവതി റോഡിലേക്ക് തെറിച്ച വീണു. ലോറിക്ക് പിന്നിൽ കുടുങ്ങാതെ തെറിച്ചുവീണതിനാലാണ് യുവതി രക്ഷപ്പെട്ടത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. പെരിങ്ങളം അങ്ങാടിയിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള റോഡിൽ സിഡബ്ല്യു ആർ ഡി എമ്മിനു സമീപത്തെ കയറ്റത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. ഇതുവഴി ഹോളോബ്രിക്സുമായി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ടിപ്പര്‍ ലോറി കയറ്റത്തിൽ വെച്ച് പെട്ടെന്ന് നിന്നു പോവുകയും പിറകിലേക്ക് നീങ്ങുകയുമായിരുന്നു.

പിന്നിലേക്ക് വന്ന ലോറി സ്കൂട്ടറിൽ ഇടിച്ചതോടെ യുവതി സ്കൂട്ടറിൽ നിന്നും റോഡിന്‍റെ വലതുഭാഗത്തേക്ക് തെറിച്ചുവീണു. റോഡരികിലെ മരത്തിൽ ഇടിച്ചാണ് ലോറി നിന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത് .പരിക്ക് സാരമുള്ളതല്ല എന്നാണ് പ്രാഥമികവിവരം. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാവാം അപകടകാരണം എന്നാണ് സൂചന.

ഇടിയുടെ ആഘാതത്തില്‍ ഇരു ചക്രവാഹനത്തിനും കേട് പറ്റി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിന്‍റെ ആഘാതവും യുവതിയുടെ അത്ഭുതകരമായ രക്ഷപ്പെടലും പുറംലോകമറിഞ്ഞത്. ടിപ്പര്‍ കയറ്റത്തിൽ നിന്നത് കണ്ട് പിന്നിൽ അൽപം ദൂരെ മാറിയാണ്യു വതി സ്കൂട്ടര്‍ നിര്‍ത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്കൂട്ടര്‍ എടുത്ത് മാറാനുള്ള സമയം കിട്ടുന്നതിന് മുമ്പെ ലോറി വളരെ വേഗത്തിൽ പിന്നോട്ട് വരുകയായിരുന്നു. സ്കൂട്ടര്‍ തിരിച്ച് മാറുന്നതിന് മുമ്പ് തന്നെ ലോറി സ്കൂട്ടറും ഇടിച്ചുതെറിപ്പിച്ച് പിന്നിലേക്ക് നീങ്ങി. പിന്നിലെ വന്ന ബൈക്ക് യാത്രക്കാരടക്കം വെട്ടിച്ച് മാറിയതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *