Your Image Description Your Image Description

സാധാരണക്കാരെപ്പോലെ നഗരത്തിൽ ഇറങ്ങി നടക്കാനോ യാത്ര ചെയ്യാനോ ഒരു ഷോപ്പിങ് മാളില്‍ കയറാനോ ഒന്നും തന്നെ സെലിബ്രിറ്റികള്‍ക്ക് കഴിയില്ല. അവരെ തിരിച്ചറിഞ്ഞാൽ ഫോട്ടോയെടുക്കാനും കാണാനും ഒക്കെയായി ആളുകൾ ഓടിക്കൂടി അവിടെ തിക്കും തിരക്കും ഉണ്ടാകുകയും ചെയ്യും. അതിനാൽ അവർക്ക് സ്വസ്ഥമായി ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാറില്ല. ഇത് സെലിബ്രിറ്റികളിൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അത്കൊണ്ടുതന്നെ പല സാഹചര്യങ്ങളിലും സെലിബ്രിറ്റികൾ തങ്ങളുടെ ആരാധകരോട് മോശമായി പെരുമാറി എന്നൊക്കെയുള്ള തരത്തിൽ വിഡിയോകൾ വരെ പ്രചരിക്കാറുണ്ട്.

ഇതുപോലെ സെലിബ്രിറ്റിയായതിനാല്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവെയ്ക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനയാത്രക്കിടെ അച്ഛന്‍ മരിച്ച ദിവസവും ആരാധകര്‍ക്കൊപ്പം ചിരിച്ച മുഖവുമായി സെല്‍ഫിക്ക് പോസ് ചെയ്യേണ്ടി വന്നുവെന്ന് സാമന്ത പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത.

‘ആരാധകര്‍ സമീപിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും ചിത്രങ്ങളെടുക്കാന്‍ വിസമ്മതിക്കാറില്ല. കാരണം ഞങ്ങള്‍ ഇന്നത്തെ നിലയിലേക്കെത്തിക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് വലുതാണ്. കഴിഞ്ഞ നവംബറിലാണ് അച്ഛന്‍ മരിച്ചത്. ആ സമയത്ത് ഞാന്‍ മുംബൈയിലായിരുന്നു. അച്ഛന്റെ വിയോഗം അമ്മയാണ് വിളിച്ചുപറഞ്ഞത്. എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. കാരണം കുറച്ച് കാലമായി ഞാന്‍ അച്ഛനോട് മിണ്ടാറില്ലായിരുന്നു. അന്ന് മുംബൈയില്‍നിന്ന് ചെന്നൈയിലേക്കുള്ള ആദ്യത്തെ വിമാനത്തില്‍തന്നെ എനിക്ക് പോരേണ്ടി വന്നു. ഞാന്‍ മരവിച്ചതുപോലെയാണ് വിമാനത്തിലിരുന്നത്. ആ സമയത്ത് കുറച്ചുപേര്‍ എന്റെ അടുത്ത് വന്ന് സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ചു. ഞാന്‍ ചിരിച്ചുകൊണ്ട് എല്ലാ ചിത്രങ്ങള്‍ക്കും പോസ് ചെയ്തു’.

‘ഫോട്ടോക്ക് പോസ് ചെയ്യില്ല’ എന്ന് പറഞ്ഞ് അവരെ വിഷമിപ്പിക്കാന്‍ തോന്നിയില്ല, കാരണം ഞാന്‍ കടന്നുപോകുന്ന മാനസികാവസ്ഥയെ കുറിച്ച് അവര്‍ക്ക് അറിയില്ലല്ലോ എന്നും സാമന്ത പറയുന്നു. സാധാരണ ഒരാള്‍ക്ക് അച്ഛന്‍ മരിച്ച ദിവസം ചിരിക്കേണ്ട അവസ്ഥയുണ്ടാകില്ല. എന്നാല്‍ സെലിബ്രിറ്റികളുടെ ജീവിതം മറ്റൊരു ലോകമാണ്. പലപ്പോഴും വൈകാരികമായ പല അവസ്ഥകളിലൂടേയും കടന്നുപോകേണ്ടി വരുമെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. നിര്‍മാതാവെന്ന നിലയിലുള്ള അരങ്ങേറ്റ ചിത്രമായ ‘ശുഭ’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത.

അച്ഛനുമായുള്ള ബന്ധത്തെ കുറിച്ച് അവര്‍ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. അച്ഛനുമായി കുട്ടിക്കാലത്ത് തന്നെ അകല്‍ച്ചയുണ്ടായിരുന്നെന്നും പലപ്പോഴും അച്ഛന്റെ അംഗീകരത്തിനായി പോരാടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞിരുന്നു. ‘കുട്ടിക്കാലം മുതല്‍ അംഗീകാരത്തിനുവേണ്ടി എനിക്ക് പോരാടേണ്ടി വന്നു. മിക്ക ഇന്ത്യന്‍ മാതാപിതാക്കളും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ നിങ്ങളെ സംരക്ഷിക്കുകയാണെന്നാണ് അവര്‍ കരുതുന്നത്. അദ്ദേഹം ശരിക്കും എന്നോട് പറഞ്ഞു, ‘നീ അത്ര മിടുക്കിയല്ല. ഇത് ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മാത്രമാണ്. അതുകൊണ്ടാണ് നിനക്ക് പോലും ഒന്നാം റാങ്ക് കിട്ടുന്നത്’ എന്ന്. ഒരു കുട്ടിയോട് നിങ്ങള്‍ അങ്ങനെയൊക്കെ പറയുമ്പോള്‍ അവര്‍ അത് വിശ്വസിക്കും. അച്ഛന്റെ ഈ വാക്കുകള്‍ കാരണം ഞാന്‍ മിടുക്കിയല്ലെന്നും ഒന്നിനും കൊള്ളാത്തവളാണെന്നും എനിക്ക് തോന്നി. ഒരുപാട്കാലം ഇതുതന്നെ വിശ്വസിച്ചു.’-സാമന്ത മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജോസഫ് പ്രഭു എന്നാണ് സാമന്തയുടെ അച്ഛന്റെ പേര്. സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞശേഷം സാമന്തയുടെ അച്ഛന്‍ 2022-ല്‍ ഫെയ്‌സ്ബുക്കില്‍ ഇരുവരുടേയും വിവാഹചിത്രം പങ്കുവെച്ചിരുന്നു. കുറേ കാലം മുമ്പ് ഒരു കഥയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ ആ കഥ ഇല്ലാതായെന്നും ഇനി പുതിയൊരു ജീവിതം തുടങ്ങാമെന്നും കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം ചിത്രം പങ്കു വച്ചത്.

Leave a Reply

Your email address will not be published. Required fields are marked *