Your Image Description Your Image Description

കൊച്ചി: മലയാള സിനിമാമേഖലയിൽ ലഹരി ഉപയോഗം വർധിക്കുന്നതും ഇതുമൂലം പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സെറ്റുകളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തണമെന്നും മുൻനിര സിനിമാ പ്രവൃത്തകർ റോൾ മോഡലുകൾ ആകണമെന്നും നിർദ്ദേശം. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് (എൻസിബി) നിർദ്ദേശം നൽകിയത്. സിനിമാ സംഘടനകളെ വിളിച്ചുചേർത്തുള്ള യോ​ഗത്തിലാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്. അമ്മ, ഫെഫ്ക, നിർമാതാക്കൾ, ഫിലിം ചേംബർ പ്രതിനിധികൾ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടപടികൾ ശക്തമാക്കുകയാണ്. മലയാള സിനിമയിലെ ലഹരി ഉപയോ​ഗം സംബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച മലയാള സിനിമയിലെ സംഘടനകളെ കാക്കനാടുള്ള കേന്ദ്രീയ ഭവനിലെ ഓഫീസിലേക്ക് എൻസിബി വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ലഹരി ഉപയോ​ഗം സംബന്ധിച്ച് എഴുതിത്തയ്യാറാക്കിയ 19 നിർദേശങ്ങൾ അവർ സിനിമാ സംഘടനകൾക്ക് നൽകിയിരിക്കുകയാണ്.

ലഹരി വിമുക്തമായ ഒരു തൊഴിലിട നയം മലയാള സിനിമയിൽ വേണമെന്നാണ് നിർദേശങ്ങളിൽ ഏറ്റവും പ്രധാനം. ഇതിന് എതിരുനിൽക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും എൻസിബി ആവശ്യപ്പെട്ടു. ചെറിയ കുറ്റങ്ങൾ ചെയ്തവരെ ശാസിക്കണം. വലിയ കുറ്റം ചെയ്തവരെ രണ്ടുവർഷംവരെ സിനിമയിൽനിന്ന് മാറ്റിനിർത്തണമെന്നും സംഘടനകൾക്ക് നൽകിയ കുറിപ്പിൽ എൻസിബി ആവശ്യപ്പെട്ടു.

ഓരോ സെറ്റിലും ലഹരി പരിശോധനാ സംവിധാനം വേണം. അതിന് ഒരു അം​ഗീകൃത ലാബറട്ടറികളുമായി കരാറിലേർപ്പെടണമെന്നും നാർക്കാട്ടിക് കൺട്രോൾ ബ്യൂറോ നിർദേശമുണ്ട്. അതേസമയം നിർദേശവുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *