താമരശ്ശേരിയിൽ ഒരു ദിവസത്തെ വ്യത്യാസത്തിൽ രണ്ട് പേർക്ക് പാമ്പുകടിയേറ്റു. പത്ത് വയസ്സുകാരനായ മുഹമ്മദ് റയാൻ, 21 വയസ്സുകാരനായ ഷെമീദ് എന്നിവർക്കാണ് പാമ്പുകടിയേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോരങ്ങാട് സ്വദേശി യൂസഫിന്റെ മകൻ മുഹമ്മദ് റയാനാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ പാമ്പുകടിയേറ്റത്. വീടിന് സമീപത്തെ വയലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു റയാൻ. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. തച്ചംപൊയിൽ ചാലക്കരയിലെ സ്വകാര്യ സ്ഥാപന ജീവനക്കാരനായ ഷെമീദിന് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പാമ്പുകടിയേറ്റത്. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ കാരാടിയിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. ഏത് ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഷെമീദിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
