Your Image Description Your Image Description

ബോഡിപോസിറ്റിവിറ്റി എന്ന ആശയത്തെക്കുറിച്ച് ഏറ്റവുമധികം സംസാരിക്കാറുള്ള താരമാണ് സമീര റെഡ്ഡി. നര വന്ന മുടിയിഴകളെക്കുറിച്ചും വണ്ണം വച്ചതിനെക്കുറിച്ചുമൊക്കെ താരം ആരാധകരോട് പറയാറുണ്ട്. ശരീരത്തിന്റെ വണ്ണം ഒരിക്കൽ താരത്തിനൊരു പ്രശ്നമായിരുന്നു. ഇപ്പോഴിതാ, ആ പ്രശ്നങ്ങളെ എങ്ങനെയാണ് താൻ അതിജീവിച്ചത് എന്ന് വെളിപ്പെടുത്തുകയാണ സമീര റെഡ്ഡി.

വർഷങ്ങളോളം വണ്ണംകുറയ്ക്കാൻ താൻ പാടുപെട്ടിരുന്നു എന്നാണ് താരം പറയുന്നത്. ഒടുവിൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടു പോകുകയായിരുന്നു. അങ്ങനെയൊരു തീരുമാനവുമായി മുന്നോട്ടു പോവാനുണ്ടായ തീരുമാനത്തേക്കുറിച്ചും സമീര വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സമീര ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

പലതരം ഡയറ്റുകൾ മാറിമാറി പരീക്ഷിച്ചതിനുശേഷം തന്റെ നാൽപത്തിയാറാം വയസ്സിലാണ് ശരിയായ രീതിയിൽ ആരോ​ഗ്യത്തെ കാക്കാൻ തുടങ്ങിയതെന്ന് സമീര പറയുന്നു. വണ്ണം പെട്ടെന്ന് കുറയ്ക്കുക എന്നതിനേക്കാൾ കരുത്താർന്ന, ആരോ​ഗ്യകരമായ ശരീരമായിരുന്നു തന്റെ ലക്ഷ്യമെന്ന് സമീര പറയുന്നു. മെലിഞ്ഞിരിക്കുന്നതല്ല മറിച്ച് കരുത്തോടെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവലാണ് പ്രധാനമെന്ന് മനസ്സിലാക്കി. ഇത് വണ്ണംകുറയ്ക്കുന്നതിൽ വലിയ മാറ്റമുണ്ടാക്കിയെന്നും സമീര പറയുന്നു.

സമീകൃതാഹാരം ശീലമാക്കിയതാണ് വണ്ണംകുറയ്ക്കലിന് സഹായിച്ച മറ്റൊരു ഘടകമെന്ന് സമീര പറയുന്നു. കടുത്ത ഡയറ്റുകൾക്ക് പുറകെ പോവാതെ മിതമായ രീതിയിൽ സമീകൃതാഹാരം കഴിക്കാൻ തുടങ്ങി. കാർബോ​ഹൈഡ്രേറ്റ് പൂർണമായി ഒഴിവാക്കുക എന്നത് തന്റെ രീതിയേ ആയിരുന്നില്ല. വർക്കൗട്ടിനെ അടിസ്ഥാനമാക്കിയാണ് ആഹാരം കഴിച്ചത്. പെട്ടെന്നുള്ള ഹ്രസ്വകാലത്തേക്കുള്ള വണ്ണംകുറയലിന് പകരം സ്ഥായിയായ മാറ്റത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം സ്വയംപ്രചോദനം നൽകലാണെന്നും സമീര അവസാനമായി കൂട്ടിച്ചേർക്കുന്നു. ഓരോരുത്തരും അവനവനുവേണ്ടി പ്രശംസിക്കാൻ പഠിക്കണം. യാഥാർഥ്യവുമായി ബന്ധപ്പെട്ടുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിക്കേണ്ടതെന്നും അവ സ്ഥായിയായിരിക്കണമെന്നും സമീര കൂട്ടിച്ചേർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *