Your Image Description Your Image Description

ഇന്ത്യ – പാക് ബന്ധം ഏറ്റവും മോശമായിരിക്കുന്ന സമയത്ത് പാകിസ്ഥൻ ആഭ്യന്തര പ്രശ്നങ്ങളാലും നട്ടംതിരിയുകയാണ്. പാകിസ്ഥാന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള പ്രവിശ്യയായ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമിയാണ് പാക് സൈന്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നത്. പാകിസ്ഥാൻ പട്ടാളവുമായി നേർക്കുനേർ പോരാടുന്ന ബലുച് വിമോചന പോരാളികൾ ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്ത് കഴിഞ്ഞു. ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഉടനുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

പാകിസ്ഥാനിലെ നാല് പ്രവിശ്യകളിൽ ഏറ്റവും വലുതും പ്രകൃതി വിഭവങ്ങളാൽ സമ്പന്നവുമാണ് ബലൂചിസ്ഥാൻ. ഇന്ത്യൻ അതിർത്തിയിലും ഇന്ത്യക്കുള്ളിലും തീവ്രവാദത്തിന് എല്ലാ സഹായവും നൽകുന്ന പാകിസ്ഥാന് അവരുടെ രാജ്യത്തിനുള്ളിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ബലൂച് വിഘടനവാദം. പാകിസ്ഥാനെ വിറപ്പിക്കുന്ന ബലൂചികൾ ആരാണ് എന്ന് നമുക്കൊന്ന് അറിഞ്ഞുവരാം..

ഭൂമി ശാസ്ത്രപരമായി ഏറെ പ്രത്യേകതകളും പ്രാധാന്യവുമുള്ള മേഖലയാണ് ബലൂചിസ്ഥാൻ. മധ്യപൂർവ ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, സെൻട്രൽ ഏഷ്യ, സൗത്തേഷ്യ എന്നിവിടങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ബലൂചിസ്ഥാൻ. അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ഹോർമൂസ് ഉൾക്കടൽ ഈ പ്രദേശത്താണ്. ഇവിടെയാണ് സെൻട്രൽ ഏഷ്യയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ തുറമുഖങ്ങൾ സ്ഥിതി ചെയ്യുന്നതും. അറേബ്യൻ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള ഇകണോമിക് കോറിഡോറും സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാനിലെ മക്രാൻ തീരത്താണ്. ഇത്തരം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ അതീവ തന്ത്രപ്രധാന പ്രദേശമാണിത്.

പാകിസ്ഥാന്റെ ഭൂവിസ്തൃതിയുടെ 44 ശതമാനമാണ് ബലൂചിസ്ഥാൻ ഉൾക്കൊള്ളുന്നത്. എന്നാൽ, രാജ്യത്തെ ജനസംഖ്യയുടെ വെറും അഞ്ച് ശതമാനം മാത്രമാണ് ബലൂചികളുടെ അം​ഗസംഖ്യ. സുന്നി മുസ്ലീങ്ങളായ ബലൂചികളാണ് ഇവിടെ താമസിക്കുന്നത്. എന്നാൽ, മതത്തെയല്ല, വംശീയതയിൽ അധിഷ്ഠിതമായ രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് ഇവർ. പാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലും ഇറാനിലുമായി പടർന്നു കിടക്കുന്ന വംശമാണ് ബലൂചികൾ. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ഇതിനപ്പുറം ഇറാനിലെ സിസ്റ്റാൻ ബലൂചിസ്ഥാനിലും ബലൂചികൾ തന്നെയാണ് പ്ര​ബല വിഭാ​ഗം. അഫ്​ഗാനിസ്ഥാനിലും ഇവരുടെ സാന്നിധ്യമുണ്ട്. പാക്കിസ്ഥാനും ഇറാനും തമ്മിലുള്ള അതിർത്തിയിലാണ് ബലൂചിസ്ഥാൻ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഇരു രാജ്യങ്ങളിലുമായി ഒരു കോടിയോളം ബലൂചികളാണ് താമസിക്കുന്നത്. 1948-ൽ ഔദ്യോഗികമായി പാക്കിസ്ഥാന്റെ ഭാഗമായെങ്കിലും, ബലൂചിസ്ഥാന് പ്രവിശ്യാപദവി ലഭിച്ചത് 1970-ൽ മാത്രമാണ്.

പാകിസ്ഥാന്റെ ഖജനാവ്

ബലൂചിസ്ഥാനിലെ സമൃദ്ധമായ പ്രകൃതിസമ്പത്താണ് പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ നിലനിർത്തുന്നതെന്ന് പറയാം. പാക്കിസ്ഥാനിലെ മുഴുവൻ വിസ്തീർണ്ണത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തോളം ഉൾക്കൊള്ളുന്ന ഈ പ്രദേശം പ്രകൃതിവാതകവും ഇരുമ്പും സൾഫറും ക്രോമൈറ്റും കൽക്കരിയും മാർബിളും പോലുള്ള ധാതുസമ്പത്തുകളും കൊണ്ട് സമ്പന്നമാണ്.

എന്നാൽ, ബലൂചിസ്ഥാനിൽ നിന്നു ലഭിക്കുന്ന പ്രകൃതിവാതകത്തിന് ഉചിതമായ റോയൽറ്റി നൽകാൻ പാക്കിസ്ഥാൻ സർക്കാർ ഒരിക്കലും തയാറായിട്ടില്ല. ഇതാണ് ബലൂചികളെ ഇന്നും അതി ദാരിദ്ര്യവും അവഗണനയും നേരിടുന്ന ഒരു ജനവിഭാഗമായി മാറ്റിയിരിക്കുന്നത്. അതുപോലെ, ഗ്വദറിൽ പാക്കിസ്ഥാൻ തുറമുഖം നിർമിച്ചപ്പോൾ അതിൽ നിന്നുള്ള ആനുകൂല്യങ്ങൾ ബലൂചികൾക്ക് ലഭിച്ചില്ല. ഈ അവഗണനയും അശാസ്ത്രീയമായ വികസനവും ബലൂചിസ്ഥാനിൽ ശക്തമായ പ്രതിഷേധങ്ങൾക്കിടയാക്കി.

ബലൂചിസ്ഥാന്റെ ചരിത്രം

ഖാനേറ്റ് ഓഫ് കലാട്ടിന് കീഴിലായിരുന്നു ഈ ഭൂപ്രദേശം. വിവിധ ഗോത്രവിഭാഗങ്ങളുടെ ചെറു നാട്ടുരാജ്യങ്ങൾ ഈ ഭൂമികയിൽ തങ്ങളുടെ വെന്നിക്കൊടി പാറിച്ചു. എന്നാൽ, പടിഞ്ഞാറ് കെർമനും, കിഴക്ക് സിന്ധും, വടക്ക് ഹെൽമന്ദ് നദിയും തെക്ക് അറബിക്കടലും എലുകതീർത്ത ഈ മണ്ണിലെ ഏറ്റവും ശക്തനായ ഭരണാധികാരി കലാട്ട് ഖാൻ ആയിരുന്നു.

പാലിയോലിത്തിക് കാലഘട്ടം മുതൽ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഈ പ്രദേശത്തെ ഏറ്റവും പഴയ ജനവാസമുള്ള ഗ്രാമങ്ങൾ സെറാമിക് നിയോലിത്തിക്ക് കാലഘട്ടത്തിലേതാണത്രെ. അതായത് ക്രിസ്തുവിനും 7000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ മനുഷ്യർ സാമൂ​​ഹിക ജീവിതം ആരംഭിച്ചിരുന്നു. വെങ്കലയുഗത്തോടെ, ബലൂചിസ്ഥാൻ ഹാരപ്പൻ സാംസ്കാരിക സംവിധാനത്തിന്റെ ഭാ​ഗമായി മാറി. കിഴക്ക് സിന്ധു നദീതടത്തിലെ വിശാലമായ വാസസ്ഥലങ്ങൾക്ക് ഈ ഭൂപ്രദേശം പ്രധാന വിഭവങ്ങൾ നൽകി. സിന്ധു നദീതട നാഗരികതയുടെ ഏറ്റവും പടിഞ്ഞാറൻ അതിരായിരുന്നു ഈ കാണുന്ന ജനപഥങ്ങൾ.

പടയോട്ടങ്ങളുടെ കാലത്ത് ഈ ഭൂപ്രദേശം ​ഗ്രീക്ക് സാമ്രാജ്യത്തിന്റെ ഭാ​ഗമായി മാറി. പിന്നീട് ​ഗ്രീക്ക് ചക്രവർത്തിയായ സെല്യൂസിഡിനെ പരാജയപ്പെടുത്തി ചന്ദ്രഗുപ്ത മൗര്യൻ ഈ ഭുപ്രദേശം സ്വന്തമാക്കി. ബിസി 303-ൽ ചന്ദ്രഗുപ്തനും സെല്യൂക്കസും ഒരു സമാധാന ഉടമ്പടിയിലേർപ്പെട്ടതോടെ ഈ ഭൂമിയിൽ സമാധാനത്തിന്റെ വിത്തുകൾ മുളച്ചു. ചന്ദ്രഗുപ്ത മൗര്യനും സെല്യൂസിഡ് സാമ്രാജ്യത്തിലെ ഒരു രാജകുമാരിയും തമ്മിലുള്ള വിവാഹത്തോടെ സെല്യൂസിഡ്, മൗര്യ സാമ്രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം തലമുറകളോളം തുടർന്നു.

ഒന്നാം നൂറ്റാണ്ട് മുതൽ ഈ പ്രദേശം ചില ഹിന്ദു നാട്ടുരാജാക്കന്മാരുടെ അധീനതയിലായിരുന്നു. എന്നാൽ, ചെങ്കിസ് ഖാന്റെ പടയോട്ടം ഈ ഭൂപ്രദേശത്തിന്റെ ഭാവിതന്നെ മാറ്റിമറിച്ചു. ചെങ്കിസ് ഖാന്റെ പടയോട്ടത്തോടെയാണ് ബലൂചികൾ കുടിയേറ്റം ആരംഭിച്ചത്. പിന്നീട് ഈ ജനതയിൽ ഉൾപ്പോര് രൂക്ഷമായി. ബലൂച്, പത്താൻ, മറ്റ് വിഭാഗങ്ങൾ എന്നിവയെ നിയന്ത്രിക്കാനായി സർദാർമാർ രൂപംകൊണ്ടു.

ഏഴാം നൂറ്റാണ്ടിൽ അറബ് സൈന്യം ബലൂചിസ്ഥാനിൽ അധിനിവേശം നടത്തി, ബലൂചിസ്ഥാനിലെ ജനങ്ങളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. പിന്നീട് ഗസ്‌നിയിലെ മഹ്മൂദ് ബലൂചിസ്ഥാൻ മുഴുവൻ കീഴടക്കി. പിന്നീട് ഡൽഹി സുൽത്താനേറ്റും മം​ഗോളിയൻ ഭരണാധികാരികളുമൊക്കെ ഈ മണ്ണിൽ വെന്നിക്കൊടി പാറിച്ചു. പിന്നീട് ഈ മണ്ണിലേക്ക് ബ്രിട്ടീഷുകാർ എത്തി. ബ്രിട്ടനും ഇറാനും ബലൂചിസ്ഥാനെ പല ഭാഗങ്ങളായി വിഭജിച്ചു. പിന്നീടും ഈ മണ്ണിൽ പല രാജവംശങ്ങളും വാണും വീണും കാലചക്രം മുന്നോട്ട് ഉരുണ്ടു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തമായപ്പോൾ ബലൂചികളും മരണഭയമേതുമില്ലാതെ അതിന്റെ മുൻനിരയിൽ നിന്നു. അവിഭക്ത ഇന്ത്യയിലെ ബലൂചികളും ഈ മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി പടനയിച്ചവർ തന്നെയാണ്.

ഇന്ത്യൻ യൂണിയനിൽ ചേരാൻ കൊതിച്ച മണ്ണ്

ഇന്ത്യ സ്വാതന്ത്യത്തിലേക്ക് അടുത്തതോടെയാണ് ബലൂചികളുടെ ഹൃദയം നുറുങ്ങിയത്. ഇന്ത്യൻ യൂണിയനിൽ ചേരാനായിരുന്നു ഒരു വിഭാഗം ബലൂചികൾക്ക് താത്പര്യം. എന്നാൽ, സ്വതന്ത്ര ബലൂചിസ്‌ഥാനായിരുന്നു ഇവിടുത്തെ പൊതുവികാരം. പക്ഷേ മുഹമ്മദലി ജിന്നയുടെ പിടിവാശിയിൽ ആ മോഹം തകർന്നു. ബലൂചിസ്ഥാനെ പാക്കിസ്ഥാന്റെ ഭാഗമാക്കാനായിരുന്നു ബ്രിട്ടിഷുകാർക്കും താൽപര്യം. മേഖലയിലെ മറ്റു നാട്ടുരാജ്യങ്ങൾ പാക്കിസ്ഥാനിൽ ചേരാൻ താൽപര്യം കാട്ടിയതോടെ ബലൂചിസ്ഥാൻ ഒറ്റപ്പെട്ടു. പാക്ക് സൈന്യം ബലൂചിസ്ഥാനിലേക്കു നീങ്ങി. ബലൂചികൾ ചെറുത്തെങ്കിലും പാക് സൈന്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കീഴടങ്ങേണ്ടിവന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് പിന്നാലെ ബലൂച് വംശീയ വാദത്തിന് ആക്കം കൂടി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കശ്മീരിൽ പാകിസ്ഥാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ അവരുടെ മണ്ണിൽ ബാഹ്യ പ്രേരണകൾ ഒന്നും കൂടാതെ കശ്മീരിന് സമാനമോ അതിലും തീവ്രമോ ആയ വിഘടനവാദം ശക്തിപ്പെടുകയായിരുന്നു.

​ഗാന്ധിജിയുടെ ഇഷ്ടഭൂമി; അതിർത്തി ​ഗാന്ധിയുടേയും

ഗാന്ധിജിക്ക് ഏറെ പ്രിയമായ ഭൂമിയായിരുന്നു അവിഭക്‌ത ഇന്ത്യയിലെ ബലൂചിസ്‌ഥാൻ. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജിയും ഇന്ത്യൻ ദേശീയ കോൺഗ്രസും ഒരിക്കലും ഒറ്റപ്പെടാതിരുന്ന ഒരു മേഖല. മാരി, ബഗ്‌തി, മെംഗൽ തുടങ്ങിയ ഗോത്രങ്ങളുടെ പിതൃഭൂമിയായ ഈ പ്രദേശം ഗാന്ധിജിയുടെ ആശയങ്ങൾക്ക് അനുകൂലമായിരുന്നതോടൊപ്പം, അവിടേക്ക് അദ്ദേഹത്തിന്റെ ആശയങ്ങൾ എത്തിക്കാനൊരു സാന്നിധ്യവുമുണ്ടായിരുന്നു — ബാദ്‌ഷാ ഖാൻ എന്നറിയപ്പെട്ടിരുന്ന ‘അതിർത്തി ഗാന്ധി’ ഖാൻ അബ്‌ദുൽ ഗഫാർ ഖാൻ.

വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ ഒരു പഠാൻ വംശജനായിരുന്നിട്ടും ബലൂചികൾ ബാദ്‌ഷാ ഖാനെ ദേശീയ നേതാവായി ഏറ്റെടുത്തു. ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ അദ്ദേഹം ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും വിശ്വസ്തനായൊരു കൂട്ടാളിയായി മാറി. അഹിംസയുടെയും സമാധാനസമരത്തിന്റെയും മുദ്രയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ബലൂചിസ്‌ഥാനിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളെ സ്വാധീനിച്ചു. ഇതോടെ ബലൂചിസ്‌ഥാൻ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പ്രധാന അധ്യായമായി മാറി.

വിമോചന പോരാളികൾ

ഒന്നിലേറെ സായുധ സംഘങ്ങളാണ് ഇവിടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നത്. അവരിൽ ഏറ്റവും ശക്തരാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നുമാത്രം. മജീദ് ബ്രിഗേഡ്, ഫത്തേ സ്ക്വാഡ്, സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ് എന്നിങ്ങനെ വിവിധ സേനാ വിഭാ​ഗങ്ങളാണ് ഈ സായുധ സംഘത്തിനുള്ളത്. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് പാക്കിസ്ഥാന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ അവഗണനയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി, ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഈ സായുധ സംഘം സജീവമാകുന്നത്.

പാക്കിസ്ഥാൻ സുരക്ഷാസേന, സർക്കാർ സ്ഥാപനങ്ങൾ, സൈനിക കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യമാക്കി BLA നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) പദ്ധതിയുടെ ഭാഗമായി ചൈനീസ് ധനസഹായത്തോടെ നിർമിക്കുന്ന ഇൻഫ്രാസ്ട്രക്ചർ കേന്ദ്രങ്ങളും അവരുടെ പ്രധാന ലക്ഷ്യങ്ങളാണ്.

BLAയുടെ സേനയെ വ്യത്യസ്തമായ പരിശീലനം ലഭിച്ച യൂണിറ്റുകളായി വിഭാഗീകരിച്ചിരിക്കുന്നു. അതിൽ പ്രധാനമായവ മജീദ് ബ്രിഗേഡ് എന്ന ചാവേർ ആക്രമണ യൂണിറ്റ്, ഫത്തേ സ്ക്വാഡ് എന്ന ഗറില്ലാ ആക്രമണങ്ങളിൽ മികവു പുലർത്തുന്ന വിഭാഗം സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ് അഥവാ തന്ത്രപരമായ ആക്രമണങ്ങൾക്ക് പ്രത്യേകമായി രൂപീകരിച്ച സംഘം.

പാക്കിസ്ഥാൻ BLAയെ ഒരു നിരോധിത സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തിൽ ചില രാജ്യങ്ങൾ ഇതിനെ തീവ്രവാദ സംഘടനയായി കണക്കാക്കുന്നു. അതേസമയം, ബലൂചിസ്ഥാനിലെ രാഷ്ട്രീയ സ്വയംഭരണത്തിനും പ്രകൃതി സമ്പത്തിലേക്കുള്ള നീതിയുക്തമായ അവകാശത്തിനുമുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് BLAയുടെ പ്രവർത്തനങ്ങൾ എന്നും വിശകലനം ചെയ്യപ്പെടുന്നു.

1948 ൽ ബലൂചിസ്ഥാൻ പാക്കിസ്ഥാന്റെ ഭാഗമാകുമ്പോൾ ഭൂരിപക്ഷം ബലൂചികളുടെയും മനസ്സിൽ കബറടക്കപ്പെട്ടത് സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന സ്വപ്നമായിരുന്നു. അതായത്, മനസില്ലാമനസ്സോടെയാണു ബലൂചികളിൽ വലിയ പങ്കും പാക്ക് പൗരൻമാരായത്. എന്ന് ഈ മണ്ണിൽ പാക് പതാക ഉയർന്നുവോ അന്നുമുതൽ ആത്മാഭിമാനം നഷ്ടപ്പെട്ട ജനതയാണ് തങ്ങളെന്ന ചിന്ത ബലൂചികളിൽ വളരാൻ തുടങ്ങി.

പാക്കിസ്ഥാനിൽ ചേരാനുള്ള ഉടമ്പടി ഒപ്പിട്ടതിനു തൊട്ടുപിന്നാലെ ബലൂചികൾ പ്രതിഷേധം ആരംഭിച്ചു. 1958-59, 1962-63, 1973-1977 വർഷങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി. ഇത് ഇപ്പോഴും തുടരുകയാണ്. ബലൂചികളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പാക്കിസ്ഥാൻ ശക്തമായാണ് നേരിട്ടത്. പോരാട്ടത്തിന്റെ മുൻനിരക്കാരെയും അനുഭാവികളെയുമൊക്കെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ കൊല്ലപ്പെട്ട ബലൂചികളുടെ എണ്ണം പതിനായിരങ്ങളെന്നാണ് റിപ്പോർട്ട്.

പ്രക്ഷോഭങ്ങളെ പാകിസ്ഥാൻ ഭരണകൂടം സൈനിക ഇടപെടലുകളിലൂടെ പ്രതികരിച്ചത് മനുഷ്യാവകാശ ലംഘന ആരോപണങ്ങൾക്കും ബലൂച് ജനതയുമായുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനും കാരണമായി. ഇതോടെ, ബലൂച് ജനതയുടെ അസംതൃപ്തിയും അവകാശങ്ങൾക്കായുള്ള പോരാട്ടവും ഇന്നും തുടരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയുമായിരുന്നു. അതെ, സ്വാതന്ത്ര്യത്തിനും സ്വയംനിർണയാവകാശത്തിനും വേണ്ടി മരണഭയമില്ലാത്ത പോരാട്ടമാണ് പാകിസ്ഥാന്റെ പടിഞ്ഞാറൻ പ്രവിശ്യയിൽ പതിറ്റാണ്ടുകളായി നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *