Your Image Description Your Image Description

ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ബിസിസിഐയോ ഐപിഎല്‍ ഭരണസമിതിയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ധരംശാലയില്‍ നടന്ന പഞ്ചാബ് കിങ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം പാകിസ്താനിലെ റാവൽപിണ്ടിയിൽ സ്റ്റേഡിയത്തിന് പുറത്ത് നടന്ന സ്ഫോടനത്തെ തുടർന്ന് പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ വേദി മാറ്റാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. മത്സരത്തിന് തൊട്ടു മുൻപാണ് സ്ഫോടനമുണ്ടായത്.

വ്യാഴാഴ്ച പഞ്ചാബ്-ഡല്‍ഹി മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐ അടിയന്തരയോഗം ചേർന്നിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. അതേസമയം കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചായിരിക്കും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയിലാണ് ഉപേക്ഷിച്ചത്. സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചതെന്നാണ് ഔദ്യോ​ഗിക വിശദീകരണമെങ്കിലും മുൻകരുതൽ നടപടികളുടെ ഭാ​ഗമായാണ് മത്സരം റദ്ദാക്കിയതെന്നാണ് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പ്രതികരിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിന്റെ ഇന്നിങ്‌സ് പുരോഗമിക്കുന്നതിനിടെയാണ് മത്സരം തടസ്സപ്പെട്ടത്. അതേസമയം, ഇന്ത്യ-പാക് സംഘർഷം വർധിക്കുകയാണ്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണശ്രമം. വ്യോമതാവളങ്ങൾ, ജയ്സാൽമീർ സൈനിക ആസ്ഥാനം, ശ്രീന​ഗർ, ജമ്മു വിമാനത്താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോണുകളും എട്ടു മിസൈലുകളും തൊടുത്തത്. എന്നാൽ, ഇന്ത്യ ശക്തമായി തിരിച്ചടിച്ചു മുന്നേറിയെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *