Your Image Description Your Image Description

ദൈനംദിന യാത്രകൾ പോക്കറ്റ് കാലിയാക്കാതെ നടക്കണമെങ്കിൽ ഇപ്പോൾ വൈദ്യുത വാഹനങ്ങൾ വേണമെന്ന സ്ഥിതിയായിരിക്കുകയാണ്. പക്ഷേ പുതിയൊരു ഇവി വാങ്ങണമെങ്കിൽ 1 ലക്ഷം രൂപയെങ്കിലും വേണമെന്ന ധാരണയിലാണ് മിക്കവരും. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന സ്‌മാർട്ട്ഫോണിന്റെ വിലയ്ക്ക് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വാങ്ങിക്കാൻ പറ്റുന്ന കാലഘട്ടമാണിത്. പലരും ഉപയോഗിക്കുന്ന സ്‌മാർട്ട്ഫോണിന്റെ പോലും വിലയില്ലാത്തൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ എത്തിയിട്ടുണ്ട് ഇപ്പോൾ. മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒഡീസി ഇലക്ട്രിക് വെഹിക്കിൾസാണ് ഹൈഫൈ എന്ന പുതിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വെറും 42,000 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വൈദ്യുത വാഹനം വിപണത്തിന് എത്തിയിരിക്കുന്നത്. പരമ്പരാഗത പെട്രോൾ പവർ സ്കൂട്ടറുകൾക്ക് പകരം ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ബദൽ തേടുന്നവരെ ലക്ഷ്യംവെച്ചുള്ള ഒരു ലോ-സ്പീഡ് ഇലക്‌ട്രിക് സ്കൂട്ടറാണിത് കേട്ടോ. അതായത് വലിയ ഫാൻസി സെറ്റപ്പൊന്നും പ്രതീക്ഷിച്ച് ആരും ഇങ്ങോട്ട് വരേണ്ടെന്ന് ചുരുക്കം. 25 കിലോമീറ്റർ പരമാവധി വേഗതയിൽ സഞ്ചരിക്കാനാവുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 89 കിലോമീറ്റർ വരെ റേഞ്ച് നൽകാനും സാധിക്കും. അങ്ങനെ നോക്കുമ്പോൾ അടുത്തുള്ള യാത്രകൾക്കും ആവശ്യങ്ങൾക്കുമെല്ലാം കൂടെക്കൂട്ടാനാവുന്ന മിടുക്കൻ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും കക്ഷിയെന്ന് ഉറപ്പിക്കാം. 2025 മെയ് 10 മുതൽ ഒഡീസിയുടെ ഡീലർഷിപ്പ് നെറ്റ്‌വർക്കിലൂടെയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഇന്ത്യയിലുടനീളം ഒഡീസി ഹൈഫൈ ഇ-സ്‌കൂട്ടർ ലഭ്യമാകും. നേരത്തെ വാങ്ങുന്നവർക്ക് എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും വാറണ്ടി ആനുകൂല്യങ്ങളും ലഭിക്കുമെന്നും നിർമാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. 48 V അല്ലെങ്കിൽ 60 V ബാറ്ററി കോൺഫിഗറേഷനുകളുമായി ജോടിയാക്കാൻ കഴിയുന്ന 250 W മോട്ടോറാണ് ഒഡീസി ഹൈഫൈ ഇലക്ട്രിക് സ്‌കൂട്ടറിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ സജ്ജീകരണത്തിലൂടെ ഒറ്റ ചാർജിൽ 70 കിലോമീറ്റർ മുതൽ 89 കിലോമീറ്റർ വരെ ഓടാൻ ഇവിക്ക് കഴിയും. ചാർജിംഗിന്റെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട കേട്ടോ വെറും 4 മുതൽ 8 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. കീലെസ് സ്റ്റാർട്ട്, സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാലും സമ്പന്നമാണ് മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒഡീസിയുടെ പുത്തൻ മോഡൽ. കൂടാതെ സിറ്റി ഡ്രൈവിംഗ്, റിവേഴ്‌സ്, പാർക്കിംഗ് എന്നിവയ്‌ക്കായി വ്യക്തിഗത റൈഡ് മോഡുകളും ഹൈഫൈയിൽ ഒരുക്കിയിട്ടുണ്ട്. നല്ല അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ്, ക്രൂയിസ് കൺട്രോൾ, ആവശ്യമായ എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുന്ന എൽഇഡി ഡിജിറ്റൽ മീറ്റർ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോയൽ മാറ്റ് ബ്ലൂ, സെറാമിക് സിൽവർ, അറോറ മാറ്റ് ബ്ലാക്ക്, ഫ്ലെയർ റെഡ്, ജേഡ് ഗ്രീൻ എന്നിവയുൾപ്പെടെ 5 കളർ ഓപ്ഷനുകളിലാണ് ഒഡീസി ഹൈഫൈ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവുന്നത്. നവീകരണം, സുസ്ഥിരത എന്നിവയോടുള്ള ഒഡീസിയുടെ പ്രതിബദ്ധതയ്ക്ക് തെളിവാണ് തങ്ങളുടെ പുതിയ ലോ-സ്പീഡ് സ്കൂട്ടറെന്ന് കമ്പനിയുടെ സ്ഥാപകൻ നെമിൻ വോറ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *