Your Image Description Your Image Description

കോഴിക്കോട് : വിലക്കുറവില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകളുമായി കണ്‍സ്യൂമര്‍ഫെഡ്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ജില്ലയിലെ 40 കേന്ദ്രങ്ങളിലാണ് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. മെച്ചപ്പെട്ട പഠനത്തിന് മികച്ച പഠനോപകരണങ്ങള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുക.

ജില്ലയിലെ ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് മുതലക്കുളത്ത് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ എം മെഹബൂബ് അധ്യക്ഷത വഹിച്ചു.

ശീതീകരിച്ച ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റാണ് ഇത്തവണ മുതലക്കുളത്ത് കണ്‍സ്യൂമര്‍ഫെഡ് ഒരുക്കിയിരിക്കുന്നത്.
ത്രിവേണി നോട്ട്ബുക്ക് ഗ്യാലറി, ബാഗ്ഹൗസ്, ഷൂമാര്‍ട്ട്, അബ്രല്ല ഹൗസ്, വിവിധതരം കളിപ്പാട്ടങ്ങള്‍, ഐക്യൂ വര്‍ധിപ്പിക്കുന്ന പ്രത്യേകതരം പഠനോപകരണങ്ങളും ഗൃഹോപകരണങ്ങളും ലഭ്യമാകുന്ന കിഡ്‌സ് ആന്‍ഡ് മദേഴ്‌സ് കോര്‍ണര്‍, പെന്‍സില്‍ ബോക്‌സ്, ലഞ്ച്‌ബോക്‌സ്, വാട്ടര്‍ബോട്ടില്‍, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, കളര്‍പെന്‍സിലുകള്‍ തുടങ്ങിയവ ലഭിക്കുന്ന മറ്റ് പഠനോപകരണ വിഭാഗം എന്നിവ മുതലക്കുളത്തെ ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ പ്രത്യേകതയാണ്.

ത്രിവേണി നോട്ട്ബുക്കുകള്‍ വീട്ടിലിരുന്ന് ബുക്ക് ചെയ്യാനും അവസരമുണ്ട്. ആവശ്യമുള്ള നോട്ട്ബുക്കുകള്‍ 9446 400407 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ ഇന്‍ഡന്റ് ചെയ്താല്‍ എസ്റ്റിമേറ്റ് തുകയും ഗൂഗിള്‍ പേ വിവരവും അറിയിക്കും. ഗൂഗിള്‍പേ ചെയ്യുന്ന മുറയ്ക്ക് ബില്ലും ടോക്കണ്‍ നമ്പറും സമയവും തിരികെ അറിയിക്കും. ഇതിനായിസജ്ജീകരിച്ച ഓണ്‍ലൈന്‍ കൗണ്ടറില്‍ നിശ്ചിത സമയത്തെത്തി ടോക്കണ്‍ നമ്പര്‍ കൈമാറി ക്യൂ നില്‍ക്കാതെ നോട്ട്ബുക്കുകള്‍ കൈപ്പറ്റാം.

മെഗാ ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന് പുറമേ എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. ജൂണ്‍ 15 വരെയാണ് പ്രവര്‍ത്തനം. ഉദ്ഘാടന ചടങ്ങില്‍ റീജണല്‍ മാനേജര്‍ പി കെ അനില്‍കുമാര്‍, അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ വൈ എം പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *