Your Image Description Your Image Description

ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ പോലീസില്‍ പരാതി. ഹൈദരാബാദ് സ്വദേശിയായ അഭിഭാഷകന്‍ ലാല്‍ ചൗഹാനാണ് നടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ പരാതി നല്‍കിയത്. സൂര്യ ചിത്രം ‘റെട്രോ’യുടെ പ്രൊമോഷന്‍ പരിപാടിയിലായിരുന്നു പരാതിയ്ക്കാധാരമായ പരാമര്‍ശം. പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുള്ള പ്രസംഗത്തിനിടെയാണ് നടൻ ആദിവാസികളെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രസംഗം നടത്തിയത്.

‘കശ്മീര്‍ ഇന്ത്യയുടേതാണ്, കശ്മീരികള്‍ നമ്മുടേതും. പാകിസ്താന് സ്വന്തം കാര്യങ്ങള്‍ പോലും നോക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് വെള്ളവും വൈദ്യുതിയുമില്ല. പാകിസ്താനെ ഇന്ത്യ ആക്രമിക്കേണ്ട കാര്യമില്ല. പാകിസ്താനികള്‍ക്ക് അവരുടെ സര്‍ക്കാരിനെ മടുത്തു. അത് തുടര്‍ന്നാല്‍ പാകിസ്താനികള്‍ തന്നെ അവരെ ആക്രമിക്കും. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോത്രവര്‍ഗക്കാര്‍ ചെയ്തതുപോലെയാണ് അവര്‍ പെരുമാറുക, സാമാന്യബുദ്ധി ഉപയോഗിക്കാതെ ആക്രമിക്കും. നമ്മള്‍ മനുഷ്യരായി ഐക്യത്തോടെ നില്‍ക്കുകയും പരസ്പരം സ്നേഹിക്കുകയും വേണം. നമ്മള്‍ എപ്പോഴും മനുഷ്യരായി മുന്നോട്ട് പോകുകയും ഐക്യത്തോടെ തുടരുകയും വേണം. വിദ്യാഭ്യാസം വളരെ പ്രധാനമാണ്’, എന്നായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് റെട്രോയുടെ പ്രൊമോഷന്‍ പരിപാടിയില്‍ വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍.

എസ്ആര്‍ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ വ്യാഴാഴ്ചയാണ് താരത്തിനെതിരെ പരാതി ലഭിച്ചത്. നിയമോപദേശംതേടിയെ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് തെലങ്കാന പോലീസ് അറിയിച്ചു. പരാമര്‍ശത്തിനെതിരെ ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *