Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമര്‍പ്പിക്കുന്ന വിഴിഞ്ഞ തുറമുഖത്തിന്റെ ക്രഡിറ്റ് തട്ടാന്‍ മത്സരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ വലിയ നേട്ടമായി ഉയര്‍ത്തി കാട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയാണ് തറക്കല്ലിട്ടതും കരാര്‍ ഒപ്പിട്ടതും എന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ മോദി സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന പ്രചരണമാണ് ബിജെപി നടത്തുന്നത്. പത്രങ്ങളില്‍ വലിയ പരസ്യം നല്‍കിയാണ് ഈ പോര് മുറുകുന്നത്. ഇന്നലെ പത്രങ്ങളില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് ഒരു പരസ്യം നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ പങ്കാളിത്തം ഒന്നും പറയാതെ പൂര്‍ണ്ണമായും കേന്ദ്ര പദ്ധതി എന്ന നിലയിലാണ് വിഴിഞ്ഞത്തെ അവതരിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ചിത്രം പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പത്രങ്ങളിലും മുന്‍പേജില്‍ തന്നെ പരസ്യം നല്‍കിയിരുന്നു. ഇതില്‍ വിഴിഞ്ഞത്തെ സംസ്ഥാനത്തിന്റെ നേട്ടമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സങ്കേതിക മികവും നേട്ടങ്ങളും എണ്ണിപ്പറയുന്ന പരസ്യത്തില്‍ കേന്ദ്രത്തെ കുറിച്ച് ഒരു പരാമര്‍ശവുമില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ചിത്രം നല്‍കിയിരിക്കുന്ന അതേ വലിപ്പത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്രങ്ങളുടെ ബാക്ക് പേജിലാണ് ബിജെപി പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയതിന് മോദിക്ക് നന്ദി അറിയിക്കുന്ന പരസ്യമാണ് ബിജെപി കേരള ഘടകം നല്‍കിയിരിക്കുന്നത്.

വികസിത കേരളത്തിനായി മികച്ച് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ കൂടെയുണ്ടെന്നാണ് പരസ്യം. ഈ പരസ്യ പോരില്‍ കോണ്‍ഗ്രസില്ല. പകരം ലഭിക്കുന്നിടത്തെല്ലാം പദ്ധതിയുടെ കാരണക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നും തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണം എന്നുമാണ് എല്ലാ നേതാക്കളും ആവശ്യപ്പെടുന്നത്. അതോടൊപ്പം വിഴിഞ്ഞം പദ്ധതിയെ കുറിച്ച് പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞ വാക്കുകളും ആയുധമാക്കുന്നുണ്ട്. വിഴിഞ്ഞത്തേക്കുളള വഴിയില്‍ നടക്കുന്നത് പോസ്റ്റര്‍ യുദ്ധമാണ്. മോദിക്ക് നന്ദി പറഞ്ഞ് ബിജപിയും ഉമ്മന്‍ചാണ്ടിക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസും പോസ്റ്ററുകള്‍ നിറക്കുകയാണ്. സര്‍ക്കാര്‍ പോസ്റ്ററുകളും മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളുമായി സിപിഎമ്മും സജീവമായി തന്നെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *