Your Image Description Your Image Description

റെയിൽവേ ട്രാക്കുകൾക്കിടയിലുള്ള ഒഴിഞ്ഞ ഇടം പ്രയോജനപ്പെടുത്തി സോളാർ പാനലുകൾ സ്ഥാപിച്ച് ഊർജ്ജം ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയുമായി സ്വിറ്റ്സർലൻഡ് റെയിൽവേ. സ്വിറ്റ്സർലൻഡിലെ സോളാർ ടെക്നോളജി സ്റ്റാർട്ടപ്പാണ് ഈ പരീക്ഷണ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 6.04 കോടി രൂപയുടെ (585,000 സ്വിസ് ഫ്രാങ്ക്) പൈലറ്റ് പ്രോജക്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ ചെറിയ ഗ്രാമമായ ബ്യൂട്ടസിലെ റെയിൽവേ ട്രാക്കുകളുടെ 100 മീറ്റർ ഭാഗത്ത് 48 സോളാർ പാനലുകൾ ഇതിനോടകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. സോളാർ ഇൻസ്റ്റലേഷൻ കമ്പനിയായ സൺ-വേയ്‌സിന്‍റെ സ്ഥാപകനായ ജോസഫ് സ്‌കുഡേരിയാണ് ഈ ആശയത്തിന് പിന്നിൽ.

2020 -ൽ ഒരു റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ കാത്തിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു ആശയം അദ്ദേഹത്തിൻറെ മനസ്സിൽ ഉദിച്ചത്. തുടർന്ന് ഇതിനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സൺ-വേയ്‌സ് ഫെഡറൽ ഓഫീസ് ഓഫ് ട്രാൻസ്‌പോർട്ടിൽ നിന്ന് അനുമതി നേടിയെടുക്കുകയായിരുന്നു. ഒരു വീടിന്‍റെ മേൽക്കൂരയിൽ സോളാർ പാനലുകൾ ഘടിപ്പിക്കുന്നത് പോലെ റെയിൽവേ പാളങ്ങളിൽ സോളാർ പാനലുകൾ ക്രമീകരിക്കുകയായിരുന്നു എന്നാണ് പദ്ധതിയെക്കുറിച്ച് വിവരിക്കവെ ജോസഫ് സ്‌കുഡേരി വിശദമാക്കിയത്. ട്രെയിനുകളുടെ സുരക്ഷയെയും അനുബന്ധ അറ്റകുറ്റപ്പണികളെയും സോളാർ പാനലുകൾ ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് ആദ്യഘട്ടത്തിൽ ഫെഡറൽ ഓഫീസ് ഓഫ് ട്രാൻസ്‌പോർട്ട് അനുമതി നിഷേധിച്ചിരുന്നു.

എന്നാൽ, ട്രാക്കുകളുടെ ഇടയിൽ സ്ഥാപിക്കുന്ന പ്രത്യേക സോളാർ പാനലുകൾ റെയിൽ ഗതാഗതത്തെ തടസ്സപ്പെടുത്തില്ലെന്ന് സൺ-വേയ്‌സ് പ്രത്യേക പഠനം നടത്തി തെളിയിക്കുകയായിരുന്നു. സാധാരണയായി സോളാർ പാനലുകൾ സ്ഥിരമായി നിശ്ചിത സ്ഥലത്ത് ഉറപ്പിക്കുകയാണെങ്കിലും ഇവിടെ ട്രാക്ക് അറ്റകുറ്റപ്പണി സംഘത്തിന് അവരുടെ ജോലി നിർവഹിക്കാൻ കഴിയുന്ന തരത്തിൽ ആവശ്യമുള്ളപ്പോഴെല്ലാം പാനലുകൾ നീക്കം ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് സൺ-വേയ്‌സ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് തന്നെ ഏകദേശം 1,000 ചതുരശ്ര മീറ്റർ സോളാർ പാനലുകൾ സ്ഥാപിക്കാനും നീക്കം ചെയ്യാനും ഇതുവഴി കഴിയും.

കമ്പനി പറയുന്നത് അനുസരിച്ച് സോളാർ പാനലുകൾ വഴി ഉത്പാദിപ്പിക്കുന്ന ഫോട്ടോവോൾട്ടെയ്ക് കറന്‍റ് മൂന്ന് തരത്തിൽ ഉപയോഗിക്കാം. ഒന്നാമതായി, റെയിൽവേ ഇൻഫ്രാസ്ട്രക്ചറിന് (സ്വിച്ചുകൾ, സിഗ്നലുകൾ, സ്റ്റേഷനുകൾ) പവർ നൽകുന്നതിന്. രണ്ടാമത്തെ സാധ്യത, അടുത്തുള്ള പ്രാദേശിക ജിആർഡിയുടെ (ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ഓപ്പറേറ്റർ) വൈദ്യുതി ശൃംഖലയിലേക്ക് കറന്‍റ് നൽകാം. മൂന്നാമത്തെ സാധ്യതയും ഏറ്റവും വലിയ നേട്ടവുമായി സൺ-വേയ്‌സ് അവകാശപ്പെടുന്നത് ലോക്കോമോട്ടീവുകൾക്ക് ശക്തി നൽകുന്ന ട്രാക്ഷൻ എനർജി നെറ്റ്‌വർക്കിലേക്ക് വൈദ്യുതി വീണ്ടും കടത്തിവിടാം എന്നുള്ളതാണ്.

ഏകദേശം 5,320 കിലോമീറ്റർ സ്വിസ് റെയിൽ ശൃംഖലയ്ക്ക് പ്രതിവർഷം ഒരു ബില്യൺ കിലോവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് സൺ-വേയ്‌സ് പറയുന്നു, ഇത് 3,00,000 കുടുംബങ്ങളുടെ ഉപഭോഗ ആവശ്യം നിറവേറ്റാൻ പര്യാപ്തമാണ്. നിലവിൽ ദക്ഷിണ കൊറിയ, സ്പെയിൻ, റൊമാനിയ എന്നിവിടങ്ങളിലെ സമാന പദ്ധതികളുമായി സഹകരിക്കുന്നതിനോടൊപ്പം തന്നെ ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ പദ്ധതി നടപ്പിലാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതായും സൺ-വേയ്‌സ് പത്രക്കുറിപ്പിൽ പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *