Your Image Description Your Image Description

അമ്പൂരി ജനതയുടെ ഏറെ നാളത്തെ സ്വപ്നമാണ് കുമ്പിച്ചല്‍ക്കടവ് പാലം യാഥാര്‍ഥ്യമാകുന്നതോടെ സഫലമാകുന്നതെന്ന് സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ. ഒറ്റപ്പെട്ട് നില്‍ക്കുന്ന ആദിവാസി മേഖലയിലെ പതിനൊന്ന് ഊരുകളെ ജീവിതത്തിന്റെ  പൊതുധാരയിലേക്ക് അടുപ്പിക്കുന്ന, നഗരവും ഗ്രാമവും ബന്ധിപ്പിക്കുന്ന മനുഷ്യമനസുകളെ ഒന്നാക്കി തീര്‍ക്കുന്ന ഒരു പാലമാണ് കുമ്പിച്ചല്‍ക്കടവ് പാലമെന്ന് എംഎല്‍എ വ്യക്തമാക്കി. പാലം ഉദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ ഏഴു സ്പാനുകളോടുകൂടി നിര്‍മ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണ് അമ്പൂരിയില്‍ നിര്‍മിച്ചിരിക്കുന്നത്. കിഫ്ബി ഫണ്ടില്‍ നിന്ന് 24 കോടി 71 ലക്ഷം രുപ ചെലവിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം അക്കര കരയില്‍ എത്തുമ്പോള്‍ ചാക്കപാറയും കുന്നത്ത്മലയും വഴിയുള്ള ചെറുതും വലുതുമായ പതിനാറ് റോഡുകളുടെ നിര്‍മാണം 7 കോടി 99 ലക്ഷം രുപ ചെലവില്‍ ആരംഭിച്ചതായി എംഎല്‍എ അറിയിച്ചു. കൂടാതെ പാലം പൂര്‍ത്തിയാകുന്നത്തോടുകൂടി ബ്രിഡ്ജ് ടൂറിസം സാധ്യതകളും പരിഗണനയിലാണെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ 501 അംഗ ജനറല്‍ കമ്മിറ്റിയും 51 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, ഫിഷറീസ് ഡയറക്ടര്‍ ഇഗ്‌നേഷ്യസ് മണ്‍റോ, ഡിടിപിസി സെക്രട്ടറി സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *