Your Image Description Your Image Description

ന്യൂഡൽഹി: ജാതി സെന്‍സസ് നടപ്പാക്കാനുള്ള തീരുമാനം തങ്ങളുടെ വിജയമെന്ന് ഇൻഡ്യ സഖ്യം. രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ച് കോൺഗ്രസും സമാജ് വാദി പാർട്ടിയും ആർ.ജെ.ഡിയും. ജാതി സെൻസസ് നടപ്പാക്കുക എന്നത് കഴിഞ്ഞ 30 വർഷമായി മുന്നോട്ടുവെക്കുന്ന ആവശ്യമാണെന്ന് ആർ.ജെ.ഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ തേജ്വസി യാദവ് വ്യക്തമാക്കി. ലാലു പ്രസാദ് യാദവ് അടക്കം മുഴുവൻ സോഷ്യലിസ്റ്റുകളുടെയും വിജയമാണിത്.

1996-97ൽ കേന്ദ്ര സർക്കാർ ജാതി സെൻസസിന് അനുമതി നൽകിയിരുന്നു. എന്നാൽ, പ്രധാനമന്ത്രിയായിരുന്ന വാജ് പേയി സെൻസസ് തുടരാൻ അനുവദിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം തങ്ങളുടെ ആവശ്യം നിരസിച്ചു. പല മന്ത്രിമാരും അതിനുള്ള സാധ്യത നിഷേധിച്ചിരുന്നു. എന്നാൽ, പുതിയ തീരുമാനം തങ്ങളുടെ പോരാട്ടത്തിന്റെ ശക്തിയെ കാണിക്കുന്നുവെന്നും തേജ്വസി യാദവ് വ്യക്തമാക്കി.

കേന്ദ്ര സർക്കാർ ജാതി സെൻസസ് പ്രഖ്യാപിക്കണമെന്ന് കോൺഗ്രസും സി.പി.എം, ആർ.ജെ.ഡി, തൃണമൂൽ കോൺഗ്രസ് അടക്കം ഇൻഡ്യ സംഖ്യത്തിലെ പ്രമുഖ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. കൂടാതെ, പ്രാദേശിക പാർട്ടികളുടെ ദീർഘകാല ആവശ്യവുമാണ് ജാതി സെൻസസ് നടത്തുക എന്നത്.

കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ സ്വന്തമായി ജാതി സർവേ നടത്തുകയും തെലങ്കാന ജാതി സെൻസസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജാതി സെൻസസ് എന്ന ആവശ്യം മുന്നോട്ടുവെച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പട്ടികജാതി (എസ്‌.സി), പട്ടികവർഗ (എസ്‌.ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി) എന്നിവർക്കുള്ള വിദ്യാഭ്യാസ, സർക്കാർ ജോലികളിലെ സംവരണ പരിധി 50 ശതമാനമാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് പൊതു സെൻസസിനൊപ്പം ജാതി സെന്‍സസും നടപ്പാക്കാനാണ് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാറിന്റെ നിർണായക പ്രഖ്യാപനം.

2011ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021ൽ നടത്തേണ്ട പൊതു സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനനമെന്നത് ശ്രദ്ധേയമാണ്. ബിഹാറിൽ എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും ആന്ധ്രയിലെ ടി.ഡി.പിയും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *