Your Image Description Your Image Description

കൽപ്പറ്റ: ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാരത്തിന് കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവി വി. മധുസൂദനൻ നായർ അധ്യക്ഷനും നിരൂപകൻ സുനിൽ പി. ഇളയിടം, നോവലിസ്റ്റ് ആർ. രാജശ്രീ എന്നിവർ അംഗങ്ങളുമായ പുരസ്കാര നിർണയസമിതിയാണ് ലീലാകൃഷ്ണനെ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്തതെന്ന് പത്മപ്രഭാ സ്മാരകട്രസ്റ്റിന്റെ ചെയർമാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

എഴുപത്തയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ലു പതിച്ച ശിൽപവും അടങ്ങുന്നതാണ് പത്മപ്രഭാ പുരസ്കാരം. ആധുനിക വയനാടിന്റെ ശിൽപി എന്നറിയപ്പെടുന്ന പത്മപ്രഭാഗൗഡരുടെ സ്മരണയ്ക്കായി മകൻ എം.പി. വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യ സമ്മാനമാണിത്. അറുപത്തഞ്ചുകാരനായ ആലങ്കോട് ലീലാകൃഷ്ണൻ, സുഗതകുമാരി പത്രാധിപരായിരിക്കേ തളിർ മാസികയിൽ തന്റെ പതിനൊന്നാം വയസ്സിൽ കവിത പ്രസിദ്ധീകരിച്ചുകൊണ്ടാണ് കാവ്യലോകത്ത് പ്രവേശിച്ചത്.

സർഗപാരമ്പര്യത്തിന്റെയും കാവ്യപൈതൃകത്തിന്റേയും ഊർജങ്ങൾ സ്വാംശീകരിച്ചുകൊണ്ട്, താളബദ്ധവും വൃത്താനുസാരിയുമായ കവിതകളിലൂടെയാണ് ലീലാകൃഷ്ണൻ ഭാഷയിൽ ചുവടുറപ്പിച്ചത്. എഴുത്തിൽ അരനൂറ്റാണ്ടിന്റെ വിപുലമായ അനുഭവപരിചയങ്ങളുള്ള ഈ കവി തിരക്കഥാകൃത്തായും പ്രഭാഷകനായും സാംസ്കാരിക പ്രവർത്തകനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *