Your Image Description Your Image Description

ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ലൈഫ് സ്റ്റൈൽ പിക്ക്അപ്പ് മോഡലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസുസുവിന്റെ ഡി-മാക്സ് വി ക്രോസ്. പൊതുവെ ഇന്ത്യക്കാർക്ക് അത്ര പ്രിയമല്ലാത്ത ലൈഫ് സ്റ്റൈൽ പിക്ക്അപ്പ് ശ്രേണിയെ ജനപ്രിയമാക്കിയതിൽ ഈ വാഹനത്തിന്റെ പങ്ക് വലുതാണ്. ഡി-മാക്സിന്റെ ഇലക്ട്രിക് പതിപ്പ് വരുന്നുവെന്ന വാർത്തകളും ആവേശത്തോടെയാണ് വാഹനപ്രേമികൾ സ്വീകരിച്ചത്. ഡി-മാക്സ് ഇവിയുടെ ഒരു കൺസെപ്റ്റ് മോഡൽ കഴിഞ്ഞ വർഷം ബാങ്കോക്ക് മോട്ടോർ ഷോയിൽ ആദ്യമായി പ്രദർശിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ യു.കെ ബർമിങ്ങ്ഹാമിലെ കൊമേഴ്‌സ്യൽ വെഹിക്കിൾ ഷോ 2025-ൽ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അടിസ്ഥാന മോഡലിൽനിന്നുള്ള മിക്ക ഡിസൈൻ ഘടകങ്ങളും ഇവിയിലും നിലനിർത്തുന്നുണ്ട്. എന്നാൽ, ഇലക്ട്രിക് പതിപ്പിനെ വേർതിരിച്ചറിയാൻ ചില ഡിസൈൻ മാറ്റങ്ങളുണ്ട്. പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പ്, അടഞ്ഞ ഫ്രണ്ട് ഗ്രില്ല്, കൂടുതൽ സ്പോർട്ടിയായ അലോയ് വീലുകൾ എന്നിവ ലഭിക്കുന്നു. അടിസ്ഥാന മോഡലിനെ പോലെ എക്സ്റ്റൻഡഡ് ക്യാബ്, ഡബിൾ ക്യാബ് ഓപ്ഷനുകളോടെ രണ്ട് ട്രിമ്മുകളിൽ വാഹനം ലഭിക്കും. അതേസമയം, ഡി-മാക്‌സിന്റെ ഇന്റീരിയറിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ഇസുസു വെളിപ്പെടുത്തിയിട്ടില്ല. മെച്ചപ്പെട്ട അപ്ഹോൾസ്റ്ററി, വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ്ങ് സെൻസറുകൾ എന്നിവയ്ക്കൊപ്പം അപ്ഡേറ്റ് ചെയ്ത അഡാസ് സുരക്ഷയും ഉണ്ടാകും. ഇസുസു ഡി-മാക്സ് ഇവിക്ക് 66.9 kWh ബാറ്ററി പായ്ക്കാണുള്ളത്. ഇത് ഡ്യുവൽ മോട്ടോർ സജ്ജീകരണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. 190 എച്ച്പി പവറും 325 എൻഎം ടോർക്കും പുറപ്പെടുവിക്കാൻ ഇതിന് കഴിയും. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് വെറും 10.1 സെക്കൻഡ് മാത്രമാണ്. മണിക്കൂറിൽ 128 കിലോമീറ്ററാണ് ഉയർന്ന വേഗത. ഒറ്റ ചാർജിൽ 263 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 11kW എസി ചാർജർ ഉപയോഗിച്ച്, 10 മണിക്കൂറിനുള്ളിൽ പൂജ്യം മുതൽ 100 ശതമാനം ചാർജ് ചെയ്യാൻ കഴിയും. 50 kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, ഒരു മണിക്കൂറിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. മൾട്ടി-ലെവൽ റീജനറേറ്റീവ് ബ്രേക്കിങ്ങും ഒരു ഇക്കോ മോഡും ലഭിക്കുന്നു. പരമ്പരാഗത ലീഫ് സ്പ്രിങ്ങ് സജ്ജീകരണത്തിന് പകരം പുതിയ ഡി-ഡിയോൺ റിയർ സസ്‌പെൻഷൻ ഇവിയിൽ അവതരിപ്പിക്കുന്നു. ഇത് മെച്ചപ്പെട്ട ഹാൻഡ്ലിങ്ങാണ് വാ​ഗ്ദാനം ചെയ്യുന്നത്. ഫുൾ-ടൈം 4വീൽ ഡ്രൈവ് സിസ്റ്റമാണ് വാഹനത്തിലുള്ളത്. മുൻവശത്തും പിന്നിലും പുതുതായി വികസിപ്പിച്ച ഇ-ആക്സിലുകളും സജ്ജീകരിച്ചിരിക്കുന്നു. ശബ്ദവും വൈബ്രേഷനും കുറയ്ക്കാൻ ഇത് സഹായിക്കും.4വീൽ ഡ്രൈവ് കൂടാതെ, ഓഫ്-റോഡ് ശേഷിക്കുവേണ്ടി പ്രത്യേക റഫ് ടെറൈൻ മോഡും ഉണ്ട്. തായ്‌ലൻഡിലെ ഫാക്ടറിയിൽ ഡി-മാക്സ് ഇവിയുടെ ഉത്പാദനം ആരംഭിച്ചതായി ഇസുസു നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്. 2026-ൽ യുകെയിൽ വിൽപ്പന ആരംഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ യൂറോപ്പിനായുള്ള ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലാണ് നിർമിക്കുന്നത്. അതിനാൽ ഇന്ത്യൻ വിപണിക്ക് കൂടുതൽ കാത്തിരിക്കേണ്ടിവരും. റൈറ്റ്-ഹാൻഡ് ഡ്രൈവ് മോഡലിൻ്റെ ഉത്പാദനം ഈ വർഷം അവസാനം ആരംഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *